ജീവനക്കാരുടെ സഹായം കിട്ടിയോ? പോട്ട ഫെഡറല്‍ ബാങ്ക് കവര്‍ച്ചയില്‍ ഉത്തരം കിട്ടാതെ പൊലീസ്; സിസിടിവി ദൃശ്യം നിര്‍ണായകം
ഉച്ചയോടെ ജീവനക്കാര്‍ ഭക്ഷണം കഴിക്കാന്‍ ഒരുങ്ങുമ്പോഴാണ് ബൈക്കില്‍ മോഷ്ടാവ് എത്തിയത്
ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്കിലെ മോഷണത്തില്‍ പ്രതിക്കായി തെരച്ചില്‍ തുടരുന്നു. ബാങ്ക് ജീവനക്കാരെ ഭീഷണിപ്പെടുത്തിയാണ് 15 ലക്ഷത്തോളം രൂപ മോഷ്ടാവ് കവര്‍ന്നത്. ഇന്നലെ ഉച്ചയോടെയാണ് കവര്‍ച്ച നടന്നത്. ഇതുവരെ ആയിട്ടും പ്രതിയെ കുറിച്ച് പൊലീസിനു വിവരമൊന്നും ലഭിച്ചിട്ടില്ല.
ഉച്ചയോടെ ജീവനക്കാര്‍ ഭക്ഷണം കഴിക്കാന്‍ ഒരുങ്ങുമ്പോഴാണ് ബൈക്കില്‍ മോഷ്ടാവ് എത്തിയത്. ബാങ്കിലെ കസേര ഉപയോഗിച്ച് കാഷ് കൗണ്ടറിന്റെ ഗ്ലാസ് തല്ലിതകര്‍ക്കുകയായിരുന്നു. ശേഷം കത്തി കാട്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തി കൈയില്‍ കിട്ടിയ കറന്‍സികള്‍ എട്ടുത്ത ശേഷം മോഷ്ടാവ് രക്ഷപ്പെട്ടു. ബാങ്കില്‍ ആ സമയത്ത് എട്ട് ജീവനക്കാര്‍ ഉണ്ടായിരുന്നു.
പണം അപഹരിച്ച ശേഷം മോഷ്ടാവ് ബൈക്കില്‍ തന്നെ തിരിച്ചുപോയി. ഇയാള്‍ അങ്കമാലിയില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇന്നലെ രാത്രി പൊലീസിനു ലഭിച്ചു. ഈ ദൃശ്യങ്ങളെ അടിസ്ഥാനമാക്കിയാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. മോഷ്ടാവിന്റെ യാത്ര കൊച്ചിയിലേക്കെന്നു മനസിലാക്കിയ അന്വേഷണസംഘം ആലുവ, എറണാകുളം നഗരപരിധിയില്‍ അന്വേഷണം വ്യാപിപ്പിച്ചു.
മോഷ്ടാവ് ഹിന്ദി സംസാരിച്ചതുകൊണ്ട് അയാള്‍ മലയാളി അല്ലാതാകണമെന്നില്ലെന്നും ഏതാണ്ട് 15 ലക്ഷം രൂപയോളമാണ് നഷ്ടപ്പെട്ടതെന്നും മധ്യമേഖല ഡിഐജി ഹരിശങ്കര്‍ പറഞ്ഞു. എടിഎമ്മില്‍ നിന്ന് എടുത്തുവച്ച പണമാണ് നഷ്ടമായത്. കൂടുതല്‍ പണം ഉണ്ടായിട്ടും അത് എടുത്തില്ലെന്നതു പ്രത്യേകതയാണ്. ജീവനക്കാരുടെ സഹായം കിട്ടിയിട്ടുണ്ടോയെന്നു പറയാനാകില്ലെന്നും പ്രാഥമിക ഘട്ടത്തില്‍ അത്തരം നിഗമനങ്ങളിലേക്കു പോകേണ്ടതില്ലെന്നും ഡിഐജി പറഞ്ഞു.