മെഡിക്കല്‍ കോളേജുകളിലേക്ക് അനാവശ്യ റഫറല്‍ ഒഴിവാക്കാന്‍ പ്രോട്ടോക്കോള്‍ പുറത്തിറക്കി
അനാവശ്യമായി രോഗികളെ മെഡിക്കല്‍ കോളേജുകളിലേക്ക് റഫര്‍ ചെയ്യരുത്.
തിരുവനന്തപുരം: അടുത്തുള്ള ആശുപത്രികളിലെ രോഗികള്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നതിനും അതുവഴി മെഡിക്കല്‍ കോളേജുകളുടെ ഭാരം കുറയ്ക്കുന്നതിനുമായി ആരോഗ്യ വകുപ്പ് പ്രോട്ടോക്കോള്‍ പുറത്തിറക്കി. താഴ്ന്ന തലത്തിലുള്ള ആശുപത്രികളില്‍ സൗകര്യങ്ങള്‍ ലഭ്യമാകുമ്പോള്‍ അനാവശ്യമായി രോഗികളെ മെഡിക്കല്‍ കോളേജുകളിലേക്ക് റഫര്‍ ചെയ്യരുത്.
ഇന്റേണല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, ഗൈനക്കോളജി, പീഡിയാട്രിക്‌സ്, ഓര്‍ത്തോപീഡിക്‌സ് തുടങ്ങിയ അഞ്ച് സ്‌പെഷ്യാലിറ്റികള്‍ക്കുള്ള പ്രോട്ടോക്കോള്‍ ആദ്യ ഘട്ടത്തില്‍ പുറത്തിറക്കി. മറ്റ് സ്‌പെഷ്യാലിറ്റികള്‍ക്കുള്ള പ്രോട്ടോക്കോളുകള്‍ ഉടന്‍ പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ് പ്രഖ്യാപിച്ചു. മെഡിക്കല്‍ കോളേജുകളിലും ജില്ലാ ജനറല്‍ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും വിവിധ തരം സ്‌പെഷ്യാലിറ്റി ചികിത്സകള്‍ ലഭ്യമാണ്. അതിനാല്‍ ലഭ്യമായ മനുഷ്യവിഭവശേഷിയും സൗകര്യങ്ങളും കണക്കിലെടുത്ത് എല്ലാ സ്ഥാപനങ്ങളെയും കാറ്റഗറി എ, ബി, സി1, സി2, ഡി എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്.
ഓരോ വിഭാഗത്തിലുള്ള സ്ഥാപനത്തിലും ലഭ്യമായിരിക്കേണ്ട സൗകര്യങ്ങളും ഏതൊക്കെ ചികിത്സകളാണ് നല്‍കേണ്ടതെന്നും പ്രോട്ടോക്കോള്‍ വ്യക്തമാക്കുന്നു. രോഗത്തിന്റെ ലക്ഷണങ്ങളെ അടിസ്ഥാനമാക്കി രോഗിയെ ഏതൊക്കെ സാഹചര്യങ്ങളിലാണ് റഫര്‍ ചെയ്യേണ്ടത് ഏത് ആശുപത്രിയിലേക്കാണ് റഫര്‍ ചെയ്യേണ്ടത് എന്നിവ പ്രോട്ടോക്കോളില്‍ വ്യക്തമാക്കിയിട്ടുണ്ട്.