സംസ്ഥാനത്താകെ 21900 വാര്‍ഡുകള്‍ ഡീലിമിറ്റേഷന്‍ പ്രക്രിയവഴി 23,612 ആയി വര്‍ദ്ധിച്ചു; ആകെ വോട്ടര്‍മാര്‍ 2,84,30,761
സംസ്ഥാനത്താകെ 1200 തദ്ദേശ സ്ഥാപനങ്ങളിലുണ്ടായിരുന്ന 21900 വാര്‍ഡുകള്‍ ഡീലിമിറ്റേഷന്‍ പ്രക്രിയവഴി 23,612 ആയി വര്‍ദ്ധിച്ചു.
സംസ്ഥാനത്താകെ 1200 തദ്ദേശ സ്ഥാപനങ്ങളിലുണ്ടായിരുന്ന 21900 വാര്‍ഡുകള്‍ ഡീലിമിറ്റേഷന്‍ പ്രക്രിയവഴി 23,612 ആയി വര്‍ദ്ധിച്ചു. പുതിയ വാര്‍ഡുകള്‍ക്കനുസൃതമായി വോട്ടര്‍പട്ടിക 2025 ആഗസ്റ്റിലും ഒക്ടോബറിലും രണ്ട് പ്രാവശ്യം പുതുക്കിയിരുന്നു. ആഗസ്റ്റില്‍ തയ്യാറാക്കിയ വോട്ടര്‍ പട്ടിക സെപ്റ്റംബര്‍ 29ന് വീണ്ടും കരടായി പ്രസിദ്ധീകരിക്കുകയും അന്തിമ പട്ടിക ഒക്ടോബര്‍ 25 ന് പ്രസിദ്ധീകരിക്കുകയും ചെയ്തു. ഒക്ടോബര്‍ 25 ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടികയില്‍ 1,34,12,470 പുരുഷന്മാരും 1,50,18,010 സ്ത്രീകളും 281 ട്രാന്‍സ്‌ജെന്‍ഡറുകളും ഉള്‍പ്പെടെ ആകെ 2,84,30,761 വോട്ടര്‍മാരുണ്ട്. പ്രവാസി ഭാരതീയര്‍ക്കുള്ള വോട്ടര്‍ പട്ടികയും തയ്യാറാക്കിയിട്ടുണ്ട്. പ്രവാസി പട്ടികയില്‍ 2484 പുരുഷന്മാരും 357 സ്ത്രീകളും ഉള്‍പ്പെടെ ആകെ 2841 വോട്ടര്‍മാരാണുളളത്.
ഒക്ടോബര്‍ 25 ന് പ്രസിദ്ധീകരിച്ച അന്തിമ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് പേര് ചേര്‍ക്കുന്നതിന് നവംബര്‍ 4, 5 തീയതികളില്‍ വീണ്ടും അവസരം നല്‍കിയിരുന്നു. അതോടൊപ്പം ഒഴിവാക്കലിനും ഭേദഗതിക്കും സ്ഥാനമാറ്റത്തിനും അവസരമുണ്ടായിരുന്നു. സപ്ലിമെന്ററി ലിസ്റ്റുകള്‍ 14ന് പ്രസിദ്ധീകരിക്കും. അത് അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സൗജന്യമായി നല്‍കും. വോട്ടെടുപ്പിനായി 33,746 പോളിംഗ് സ്റ്റേഷനുകള്‍ ഉണ്ടാകും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് വാര്‍ഡുകളിലേക്കുളള വോട്ട് രേഖപ്പെടുത്തുന്നതിന് പഞ്ചായത്തുകള്‍ക്കായി 28,127 ഉം മുനിസിപ്പാലിറ്റികള്‍ക്ക് 3604 ഉം കോര്‍പ്പറേഷനുകള്‍ക്ക് 2015 ഉം പോളിംഗ് സ്റ്റേഷനുകളുമാണുളളത്. പഞ്ചായത്ത് തലത്തില്‍ ഒരു വോട്ടര്‍ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്ക് മൂന്ന് വോട്ടും നഗരസഭാതലത്തില്‍ ഒരു വോട്ടുമാണ് രേഖപ്പെടുത്തേണ്ടത്.
തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് സംവരണ സംബന്ധിച്ച് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടേത് ജില്ലാ കളക്ടറും, മുനിസിപ്പാലിറ്റികളുടേത് തദ്ദേശ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറും കോര്‍പ്പറേഷനുകളുടേത് തദ്ദേശ വകുപ്പ് അര്‍ബന്‍ ഡയറക്ടറുമായിരുന്നു അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥര്‍. സ്ത്രീ, പട്ടികജാതി സ്ത്രീ, പട്ടിക വര്‍ഗ്ഗ സ്ത്രീ, പട്ടികജാതി, പട്ടിക വര്‍ഗ്ഗം എന്നിങ്ങനെ അഞ്ച് വിഭാഗങ്ങള്‍ക്കുളള സംവരണ വാര്‍ഡുകളുടെ എണ്ണം സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നു. അതനുസരിച്ച് ആവര്‍ത്തനക്രമം പാലിച്ച് നറുക്കെടുപ്പിലൂടെയാണ് സംവരണ വാര്‍ഡുകള്‍ കണ്ടെത്തിയിട്ടുള്ളത്.