'എന്നെ വേണോ'; യുഡിഎഫിനോടു 'കെഞ്ചി' അന്‍വര്‍, ആവേശം വേണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍
യുഡിഎഫ് അധികാരത്തില്‍ വരണം. ജനങ്ങളെ ബാധിക്കുന്ന വനനിയമ ഭേദഗതി ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഏറ്റെടുക്കണം
യുഡിഎഫിനൊപ്പം ചേരാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് പി.വി.അന്‍വര്‍ എംഎല്‍എ. തന്നെ മുന്നണിയില്‍ വേണോ എന്ന് യുഡിഎഫ് നേതൃത്വം തീരുമാനിക്കട്ടെയെന്ന് അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനും എതിരെ പോരാടാന്‍ യുഡിഎഫിനൊപ്പം ചേരുമെന്നാണ് അന്‍വര്‍ പ്രഖ്യാപിച്ചത്.
' യുഡിഎഫ് അധികാരത്തില്‍ വരണം. ജനങ്ങളെ ബാധിക്കുന്ന വനനിയമ ഭേദഗതി ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഏറ്റെടുക്കണം. ഞാന്‍ യുഡിഎഫിനു പിന്നിലുണ്ടാകും. എംഎല്‍എ സ്ഥാനവും മറ്റു പദവികളും തരേണ്ട. പലരും ഭയപ്പെട്ടാണ് സിപിഎമ്മിലും എല്‍ഡിഎഫിലും തുടരുന്നത്. അവരെ യുഡിഎഫ് എങ്കിലും എടുക്കേണ്ടതല്ലേ? ഞാന്‍ ഔദ്യോഗിക ഭാഗമാകണോ എന്ന് യുഡിഎഫ് നേതൃത്വമാണ് ചിന്തിക്കേണ്ടത്. ഇതുവരെ എന്റെ കാര്യത്തില്‍ അനുഭാവപൂര്‍ണമായ നിലപാട് യുഡിഎഫ് സ്വീകരിച്ചിട്ടില്ല,' അന്‍വര്‍ പറഞ്ഞു.
അതേസമയം സിപിഎമ്മിനെതിരായ അന്‍വറിന്റെ വിമര്‍ശനങ്ങളെ ഏറ്റെടുക്കുന്നുണ്ടെങ്കിലും ശ്രദ്ധയോടെ നീങ്ങിയാല്‍ മതിയെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. അന്‍വറിനെ സ്വീകരിക്കാമെന്ന നിലപാട് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനുണ്ട്. എന്നാല്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനു ഇക്കാര്യത്തില്‍ വിയോജിപ്പാണ്. അന്‍വര്‍ യുഡിഎഫിലേക്കു എത്തിയാല്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് സതീശന്‍ പക്ഷത്തിന്റെ നിലപാട്.