ടിപി വധക്കേസ് പ്രതികള്‍ക്ക് ജാമ്യം അനുവദിക്കാതെ സുപ്രീം കോടതി. കൊലപാതകകേസാണിതെന്നും കേസിന്റെ മെറിറ്റ് അറിയാതെ ജാമ്യം അനുവദിക്കാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ മുഖ്യപ്രതി ജ്യോതി ബാബുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ സഞ്ജീവ് കരോളും എസ് സി ശര്‍മയുമടങ്ങുന്ന ബെഞ്ച് നിലപാട് വ്യക്തമാക്കിയത്.
ഇതൊരു കൊലപാതകേസായതിനാല്‍ കേസ് സംബന്ധിച്ച രേഖകള്‍ പരിശോധിക്കാതെ ജാമ്യം നല്‍കാനാവില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. കേസിന്റെ വാദത്തിനിടെ സര്‍ക്കാര്‍ അഭിഭാഷകനായ പി വി ദിനേശും കെകെ രമയുടെ അഭിഭാഷകനായ ആര്‍ ബസന്തും തമ്മില്‍ വാക്കേറ്റം ഉണ്ടായിരുന്നു. സര്‍ക്കാരും പ്രതികളും ഒത്തുക്കളിക്കുന്നുവെന്ന് ആര്‍ ബസന്ത് ആരോപണം ഉന്നയിച്ചതോടെയാണ് തര്‍ക്കമായി മാറിയത്.
ടിപി വധക്കേസില്‍ ഹൈക്കോടതി ശിക്ഷിച്ച ജ്യോതി ബാബുവിന് ഇടയ്ക്കിടെ ജാമ്യം അനുവദിക്കുന്നതിനെ എതിര്‍ത്ത് കെകെ രമ സത്യവാങ്മൂലം ഫയല്‍ ചെയ്തിരുന്നു. കഴിഞ്ഞ 12 വര്‍ഷത്തിനിടെ കേസില്‍ ശിക്ഷിക്കപ്പെട്ട് 3 പേര്‍ക്ക് 1000 ദിവസത്തിലധികം പരോളും 6 പേര്‍ക്ക് 500 ദിവസത്തിലധികം പരോളും ലഭിച്ചിരുന്നു. ഇതെല്ലാം തന്നെ കെകെ രമ സത്യവാങ്മൂലത്തില്‍ ചൂണ്ടികാണിച്ചിരുന്നു.