Rahul Mamkootathil: പാര്‍ട്ടിക്ക് തലവേദന; രാഹുല്‍ മാങ്കൂട്ടത്തിലിനെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തു നിന്ന് നീക്കും
രാഹുലിനെതിരെ എഐസിസിക്ക് ഒന്‍പതില്‍ അധികം പരാതികള്‍ ലഭിച്ചിട്ടുള്ളതായും വിവരമുണ്ട്
Rahul Mamkootathil: ആരോപണ വിധേയനായ രാഹുല്‍ മാങ്കൂട്ടത്തിലിനെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കും. കോണ്‍ഗ്രസുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഒരു യുവതി കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് നടപടി. യുവനേതാവില്‍ നിന്ന് തനിക്കു മോശം അനുഭവം ഉണ്ടായെന്ന് ഈ യുവതി പറഞ്ഞിരുന്നു. എന്നാല്‍ ഇതുവരെ പേര് വെളിപ്പെടുത്തിയിട്ടില്ല.
അതേസമയം ഈ യുവതിയുടെ ആരോപണത്തിനു പിന്നാലെ എഴുത്തുകാരി ഹണി ഭാസ്‌കരനും രാഹുലിന്റെ പേര് വെളിപ്പെടുത്തി ആരോപണം ഉന്നയിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ നിരന്തരം സന്ദേശങ്ങള്‍ അയക്കാറുണ്ടെന്നും അതോടൊപ്പം തന്നെ മോശക്കാരിയായി ചിത്രീകരിച്ച് മറ്റുള്ളവരോടു രാഹുല്‍ സംസാരിച്ചതായി താന്‍ കേട്ടിട്ടുണ്ടെന്നും ഹണി പറയുന്നു.
രാഹുലിനെതിരെ എഐസിസിക്ക് ഒന്‍പതില്‍ അധികം പരാതികള്‍ ലഭിച്ചിട്ടുള്ളതായും വിവരമുണ്ട്. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന രാഹുലിനെ ഇനിയും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് തുടരാന്‍ അനുവദിച്ചേക്കില്ല. അധ്യക്ഷ സ്ഥാനത്തുനിന്ന് മാറിനില്‍ക്കാന്‍ കെപിസിസി അധ്യക്ഷന്‍ ഉടന്‍ ആവശ്യപ്പെട്ടേക്കും. ആരോപണങ്ങളില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.