Kerala Weather: മഴ തന്നെ മഴ..! അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്, നാലിടത്ത് ഓറഞ്ച് അലര്‍ട്ട്
അതിതീവ്ര മഴ അപകടങ്ങള്‍ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന പ്രവണതയാണ് പ്രതീക്ഷിക്കുന്നത്
Kerala Weather: സംസ്ഥാനത്ത് വരുംമണിക്കൂറുകളില്‍ മഴ തുടരും. അറബിക്കടല്‍ കേരള തീരത്ത് മേഘ രൂപീകരണം സജീവം. രാജസ്ഥാനു മുകളിലെ തീവ്ര ന്യൂനമര്‍ദ്ദം പടിഞ്ഞാറന്‍ പസഫിക് സമുദ്രത്തില്‍ വിഫ ചുഴലിക്കാറ്റായി. സംസ്ഥാനത്ത് ഇന്നും നാളെയും പരക്കെ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ അതിതീവ്ര മഴയ്ക്കുള്ള സാധ്യതയുള്ളതിനാല്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
അതിതീവ്ര മഴ അപകടങ്ങള്‍ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന പ്രവണതയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം.
കേരള - കര്‍ണാടക തീരങ്ങളില്‍ ജൂലൈ 22 വരെയും; ലക്ഷദ്വീപ് തീരത്ത് ജൂലൈ 23 വരെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.