ജയില്‍ചാട്ടത്തിനു ഗോവിന്ദച്ചാമിക്കു പ്രചോദനമായത് റിപ്പര്‍ ജയാനന്ദനോ? കണ്ണൂര്‍ ജയിലില്‍ അടുത്തടുത്ത സെല്ലുകളില്‍ !
വധശിക്ഷയ്ക്കു വിധിക്കപ്പെട്ട റിപ്പര്‍ ജയാനന്ദന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ച് 2010 ലാണ് ആദ്യമായി ജയില്‍ ചാടിയത്
Govindachamy and Ripper Jayanandan
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിക്ക് ജയില്‍ ചാടാന്‍ പ്രചോദനമായത് മറ്റൊരു കുപ്രസിദ്ധ കുറ്റവാളി റിപ്പര്‍ ജയാനന്ദനോ? ഇരുവരും ഒന്നിച്ച് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഒരേ ബ്ലോക്കിലെ അടുത്തടുത്ത സെല്ലുകളില്‍ ഉണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് കണ്ണൂര്‍ ജയിലിലായിരിക്കെ റിപ്പര്‍ ജയാനന്ദന്‍ തടവുചാടിയിട്ടുണ്ട്. സമാന രീതിയിലാണ് ഗോവിന്ദച്ചാമിയും തടവുചാടിയിരിക്കുന്നത്.
വധശിക്ഷയ്ക്കു വിധിക്കപ്പെട്ട റിപ്പര്‍ ജയാനന്ദന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ച് 2010 ലാണ് ആദ്യമായി ജയില്‍ ചാടിയത്. അതീവ സുരക്ഷയുള്ള പത്താം നമ്പര്‍ ബ്ലോക്കിലെ സെല്ലിലായിരുന്നു ജയാനന്ദനെ പാര്‍പ്പിച്ചിരുന്നത്. ആക്‌സോ ബ്ലേഡ് ഉപയോഗിച്ച് സെല്ലിന്റെ കമ്പി മുറിച്ചാണ് ജയാനന്ദന്‍ പുറത്തുകടന്നത്. പിന്നീട് ജയിലിന്റെ മതില്‍ ചാടി വെളിയില്‍ എത്തി. ഇതേ രീതി തന്നെയാണ് ഗോവിന്ദച്ചാമിയും അവലംബിച്ചിരിക്കുന്നത്.
കണ്ണൂരില്‍ ഒരേ ബ്ലോക്കിലെ അടുത്തടുത്ത സെല്ലുകളിലായിരുന്നു ജയാനന്ദനെയും ഗോവിന്ദച്ചാമിയേയും താമസിപ്പിച്ചിരുന്നത്. ജയില്‍ ഉദ്യോഗസ്ഥരെ കബളിപ്പിക്കാനായി അന്ന് ജയാനന്ദന്‍ തലയണയും തുണിയും ഉപയോഗിച്ച് സെല്ലില്‍ ആള്‍രൂപം ഉണ്ടാക്കിയിരുന്നു. ഗോവിന്ദച്ചാമി ജയില്‍ ചാടും മുന്‍പ് സമാനമായ ആള്‍ രൂപം സെല്ലില്‍ കണ്ടതായി ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയിട്ടുണ്ട്.
ഗോവിന്ദച്ചാമി സെല്‍ ചാടാനുള്ള എളുപ്പത്തിനായി ഒരു മാസത്തോളം ഭക്ഷണം ക്രമീകരിച്ചിരുന്നു. ശരീരഭാരം കുറച്ചാല്‍ സെല്‍ ചാടുക എളുപ്പമാണ്. ജയില്‍ ചാടാന്‍ തയ്യാറെടുക്കുന്ന സമയത്ത് ജയാനന്ദനും ഇങ്ങനെ ചെയ്തിട്ടുണ്ട്. മതിലില്‍ തുണിയോ മറ്റോ ഉപയോഗിച്ച് തൂങ്ങി പുറത്തേക്ക് ചാടണമെങ്കിലും ശരീരഭാരം കുറയ്ക്കണം. ഈ രീതിയിലെല്ലാം ജയാനന്ദനെ അനുകരിക്കുകയായിരുന്നു ഗോവിന്ദച്ചാമിയെന്നാണ് പ്രാഥമിക നിരീക്ഷണം.