ശബരിമല തുലാമാസ പൂജാ സമയത്തുള്ള തീര്‍ത്ഥാടനം ഇത്തവണ പൂര്‍ണമായും ഒഴിവാക്കാന്‍ അവലോകന യോഗം തീരുമാനിച്ചു. നിലയ്ക്കല്‍, പെരുന്തേനരുവി മേഖലയില്‍ ഞായറാഴ്ച തന്നെ ഇരുപതു സെന്റീമീറ്ററിലധികം മഴ പെയ്തിരുന്നു. കക്കി ഡാമിന്റെ ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യവും വന്നിരിക്കുന്നു. നദികളിലെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. വനമേഖലയിലെ കനത്ത മഴ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനുമുള്ള സാധ്യതയയും വര്‍ധിപ്പിക്കുന്നുണ്ട്.
ബുധനാഴ്ച മുതല്‍ ശക്തമായ മഴ പ്രവചിക്കപ്പെട്ടിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ ഈ ദിവസങ്ങളില്‍ തീര്‍ത്ഥാടനം അനുവദിക്കാന്‍ കഴിയില്ല എന്ന് യോഗം വിലയിരുത്തി. നേരത്തെ നിലക്കലില്‍ എത്തിയ തീര്‍ഥാടകരെ സുരക്ഷിതമായി മടക്കി അയക്കാന്‍ ജില്ലാ ഭരണ സംവിധാനത്തിന് നിര്‍ദേശം നല്‍കി.