ശബരിമല ദര്‍ശനം നടത്തിയ ബിന്ദുവും കനകദുര്‍ഗയും പൊലീസ് കസ്റ്റഡിയിലായിരുന്നു എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍റെ തീരുമാനപ്രകാരമാണ് ഇവര്‍ മല ചവിട്ടിയതെന്നും ആരോപിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പിണറായിയുടെ വാശി ഇതിലൂടെ നടപ്പാക്കിയെന്നും ചെന്നിത്തല ആരോപിച്ചു.
മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്‍റെയും വാശിയായിരുന്നു ആചാരലംഘനം നടത്തുക എന്നത്. ഈ യുവതികളെ ആരാണ് അവിടെയെത്തിച്ചത്? ഇവര്‍ ഇത്രയും നാള്‍ എവിടെയായിരുന്നു? ഇവര്‍ പൊലീസ് കസ്റ്റഡിയിലായിരുന്നു. പിണറായിയുടെ തീരുമാനമനുസരിച്ചാണ് ഇവരെ എത്തിച്ചത് - ചെന്നിത്തല ആരോപിച്ചു.
ഈ നടപടി ഭക്തരുടെ മനസിനെ വേദനിപ്പിക്കുന്നതാണ്. ഹര്‍ജി പരിഗണിക്കാനിരിക്കെ ഇങ്ങനെയൊരു നടപടിയുണ്ടായത് ന്യായീകരിക്കാന്‍ കഴിയില്ല. വിശ്വാസികളുടെ വികാരം വ്രണപ്പെട്ടിരിക്കുന്നു. ഇതിനെതിരെ സംസ്ഥാനമൊട്ടാകെ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തും - രമേശ് ചെന്നിത്തല അറിയിച്ചു.
വനിതാമതില്‍ സംഘടിപ്പിച്ചത് ഇതിനുവേണ്ടിയായിരുന്നു. ശബരിമല നട അടച്ചത് നൂറുശതമാനം ശരിയാണെന്നും അങ്ങനെയുള്ള തീരുമാനങ്ങള്‍ എടുക്കേണ്ടത് തന്ത്രിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.