ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ദിവസം ശരാശരി 8500 എണ്ണം
സന്നിധാനത്തെ തിരക്ക് അനുസരിച്ചാണ് നിലയ്ക്കലില്‍ നിന്ന് സ്‌പോട്ട് ബുക്കിങ് നല്‍കുന്നത്
വെര്‍ച്വല്‍ ക്യു വഴി ശബരിമലയിലേക്ക് വരുന്ന തീര്‍ത്ഥാടകര്‍ ബുക്ക് ചെയ്ത ദിവസം തന്നെ എത്തണമെന്ന് സന്നിധാനം സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍ (എസ്.ഒ) ആര്‍ ശ്രീകുമാര്‍ പറഞ്ഞു. ബുക്ക് ചെയ്ത ദിവസമല്ലാതെ ആ ടോക്കണുമായി വേറെ ദിവസം എത്തുന്നത് തിരക്ക് നിയന്ത്രിക്കുന്നതില്‍ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
സന്നിധാനത്തെ തിരക്ക് അനുസരിച്ചാണ് നിലയ്ക്കലില്‍ നിന്ന് സ്‌പോട്ട് ബുക്കിങ് നല്‍കുന്നത്. സ്‌പെഷ്യല്‍ കമ്മീഷണര്‍ എസ്.ഒയുമായി ആലോചിച്ചാണ് 5000 ത്തില്‍ കൂടുതലായുള്ള സ്‌പോട്ട് ബുക്കിങ് അനുവദിക്കുന്നത്. 8500 വരെ ഇത്തരത്തില്‍ ദിവസവും ശരാശരി കൊടുക്കാറുണ്ട്. ചൊവ്വാഴ്ച്ച (ഡിസംബര്‍ 2) വൈകീട്ട് മൂന്ന് വരെ 8800 സ്‌പോട്ട് ബുക്കിങ് നല്‍കി. പുലര്‍ച്ചെ 12 ന് തുടങ്ങുന്ന ബുക്കിങ് 5000 കവിഞ്ഞാലും സന്നിധാനത്തെ തിരക്ക് നോക്കി അധികമായി നല്‍കും.
1590 പൊലീസുകാരാണ് നിലവില്‍ സന്നിധാനത്ത് മാത്രമുള്ളതെന്ന് എസ്.ഒ പറഞ്ഞു. ഇത് മുന്‍ വര്‍ഷങ്ങളെക്കാള്‍ കൂടുതലാണ്. സ്വാമിമാര്‍ക്ക് സുഖദര്‍ശന സൗകര്യം ഒരുക്കാനാണ് കൂടുതല്‍ പൊലീസിനെ വിന്യസിച്ചത്.