രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ചൂഷണപരാതി സംബന്ധിച്ച് മറ്റൊരു പ്രസ്ഥാനവും സ്വീകരിക്കാത്ത നടപടിയാണ് കോണ്‍ഗ്രസ് സ്വീകരിച്ചിട്ടുള്ളതെന്ന് ഷാഫി പറമ്പില്‍ എം പി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും പരാതി വരുന്നതിന് മുന്‍പ് തന്നെ രാഹുലിനെ നീക്കി. ഇപ്പോള്‍ നിയമപരമായാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഇതില്‍ കൂടുതല്‍ നടപടികള്‍ എന്തെങ്കിലും വരേണ്ട സാഹചര്യമുണ്ടെങ്കില്‍ അത് ചര്‍ച്ച ചെയ്ത് ഉചിതമായ സമയത്ത് അറിയിക്കും. ഷാഫി പറമ്പില്‍ പറഞ്ഞു.
ഇതുവരെ പാര്‍ട്ടി ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഇനി എന്തെങ്കിലും ചെയ്യണമെന്ന ബോധ്യം പാര്‍ട്ടിക്ക് വന്നാല്‍ അതും ചെയ്യും. നിയമപരമായി നടക്കുന്ന വ്യവഹാരത്തിലേക്ക് പാര്‍ട്ടി ഇടപെടല്‍ നടത്തിയിട്ടില്ല. രാഹുലിനെതിരെ രണ്ടാമത്തെ പരാതി വന്നപ്പോള്‍ പാര്‍ട്ടി ഒരു കമ്മിറ്റിയെ വെച്ച് തീവ്രത അന്വേഷിക്കുകയല്ല, ഡിജിപിക്ക് കൈമാറുകയാണ് ചെയ്തതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. എന്റെ ധാരണകളും അടുപ്പവും ഒന്നും കെപിസിസി തീരുമാനങ്ങളെ സ്വാധീനിച്ചിട്ടില്ല. അത് രാഹുല്‍ ഇപ്പോള്‍ നേരിടുന്ന നടപടികള്‍ പരിശോധിച്ചാല്‍ മനസിലാകുമെന്നും ഷാഫി പറഞ്ഞു.