സംരക്ഷണമൊന്നുമില്ലാതെ മൂന്ന് യുവതികൾ കൂടി ശബരിമലയിൽ ദർശനം നടത്തി; വീഡിയോ പകർത്തി പൊലീസ്

ഞായര്‍, 6 ജനുവരി 2019 (15:26 IST)
ശബരിമലയില്‍ കൂടുതല്‍ യുവതികള്‍ ദര്‍ശനം നടത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു. കനക ദുർഗയും ബിന്ദുവും ദർശനം നടത്തിയ ഇതേ ദിവസം തന്നെ മൂന്ന് യുവതികള്‍ കൂടി ദര്‍ശനം നടത്തിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
 
മലേഷ്യയില്‍ താമസക്കാരായ മൂന്ന് തമിഴ്‌നാട് യുവതികളാണ് ദര്‍ശനം നടത്തിയത്. ഇവര്‍ മലയിറങ്ങി പമ്പയിലെത്തുന്നതിന്റെ പൊലീസ് പകര്‍ത്തിയ ദൃശ്യങ്ങള്‍ ടൈംസ് ഓഫ് ഇന്ത്യ പുറത്തു വിട്ടു. മുഖം മറച്ചു കൊണ്ട് മലയിറങ്ങുന്ന യുവതികളുടെ വീഡിയോ ആണ് പൊലീസ് പകർത്തിയിരിക്കുന്നത്.
 
ജനുവരി ഒന്നിന് പുലര്‍ച്ചെയാണ് ഇവര്‍ സന്നിധാനത്തെത്തിയതെന്നും തിരിച്ച് പത്തു മണിയോടെ പമ്പയിലെത്തിയെന്നും പൊലീസ് അറിയിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. യുവതി പ്രവേശന വിധിക്ക് ശേഷം ആദ്യമായി ദര്‍ശനം നടത്തിയ മലയാളികളായ ബിന്ദുവിനും കനകദുര്‍ഗയ്ക്കും ശേഷമാണ് ഇവരും ദർശനം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ.
 
25 പേരടങ്ങുന്ന മലേഷ്യന്‍ സംഘത്തിലാണ് മൂന്ന് യുവതികള്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇവര്‍ സന്നിധാനത്ത് ദര്‍ശനം നടത്തിയതിനെ സംബന്ധിച്ച് ഇവര്‍ പരസ്യമായി പ്രതികരിച്ചിട്ടില്ല. പൊലീസ് സുരക്ഷയില്ലാതെയാണ് ഇവര്‍ ദര്‍ശനം നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്നലെ ബിന്ദുവും കനകദുര്‍ഗയുമല്ലാതെ കൂടുതല്‍ പേര്‍ ശബരിമല കയറിയിട്ടുണ്ടാകാമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും പ്രതികരിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ആർ എസ് എസ് തന്ത്രിയെ ആയുധമാക്കുന്നു, തന്ത്രിയെ മാറ്റാൻ ദേവസ്വം ബോർഡിനു അധികാരമുണ്ട്: മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്