സഫീർ വധം; സിപിഐ അനുഭാവികളായ അഞ്ചു പേർ പിടിയിൽ, രാഷ്ട്രീയ കൊലപാതകമല്ലെന്ന് പൊലീസ്
വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ്
Publish Date: Mon, 26 Feb 2018 (09:04 IST)
Updated Date: Mon, 26 Feb 2018 (09:08 IST)
പാലക്കാട് മണ്ണാര്‍ക്കാട് മുസ്ലീം ലീഗ് പ്രവർത്തകൻ സഫീർ കുത്തേറ്റ് മരിച്ച സംഭവത്തിൽ അഞ്ച് പേർ പിടിയിൽ. കുന്തിപ്പുഴ നമ്പിയൻകുന്ന് സ്വദേശികളായ സിപിഐ അനുഭാവികളാണു പിടിയിലായത്. അതേസമയം, ഇത് രാഷ്ട്രീയ കൊലപാതകമല്ലെന്നും വ്യക്തിവൈരാഗ്യമാണ് കാരണമെന്നും പൊലീസ് പറഞ്ഞു.
സഫീറിന്റെ അയൽവാസികളാണ് പിടിയിലായ അഞ്ചു പേരും. സഫീറുമായി വിദ്യാഭ്യാസകാലം മുതലുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നും പൊലീസ് വ്യക്തമാക്കി. സ്ഥലത്തെ മുസ്ലിം ലീഗ് കൗണ്‍സിലർ സിറാജുദ്ദീന്റെ മകൻ സഫീർ ഞായറാഴ്ച രാത്രിയാണ് കൊല്ലപ്പെടുന്നത്.
സഫീറിന്റെ ഉടമസ്ഥതയിലുള്ള വസ്ത്ര വ്യാപാര സ്ഥാപനത്തിൽ അതിക്രമിച്ചു കയറിയ പ്രതികൾ ഇയാളെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ സഫീറിനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതകത്തിന് പിന്നില്‍ സിപിഐയെന്ന് ലീഗ് ആരോപിച്ചു.