തിരുവനന്തപുരം: സ്വര്‍ണക്കടത്തിനായി യുഎഇ കോണ്‍സുലേറ്റിന്റെ വ്യാജ സീലുണ്ടാക്കാന്‍ സരിത് സീല്‍ നിര്‍മിക്കുന്ന യന്ത്രം വാങ്ങിയെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. നെടുമങ്ങാട് പ്രിന്റിങ് സ്ഥാപനം നടത്തുന്നെന്ന വ്യാജേനയാണ് സീല്‍ പ്രിന്റിങ് മെഷീന്‍ വാങ്ങിയതെന്ന് തിരുവനന്തപുരത്തെ കടയുടമ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി.
കോണ്‍സുലേറ്റിന്റെ ലെറ്റര്‍ പാഡില്‍ കത്തുകള്‍ പ്രിന്റ് എടുത്തതായി തിരുവല്ലത്തെ കംപ്യൂട്ടര്‍ സ്ഥാപന ഉടമയും എന്‍ഐഎയ്ക്ക് മൊഴി നല്‍കിയിട്ടുണ്ട്. കോണ്‍സുലേറ്റിന്റെ പേരില്‍ വ്യാജ സീല്‍ തയാറാക്കി വാങ്ങുന്നത് സംശയമുണ്ടാക്കുമെന്നതിനാലാണ് സീലുകള്‍ നിര്‍മിക്കാനുള്ള മെഷീന്‍ തന്നെ വാങ്ങിയത്. സ്വന്തം ലാപ്ടോപ്പില്‍ കോണ്‍സുലേറ്റ് ലെറ്റര്‍ പാഡും തയാറാക്കി. സെക്രട്ടേറിയേറ്റിന് സമീപത്തെ കടയിലെത്തി സരിത്താണ് വ്യാജരേഖാ നിര്‍മാണത്തിന് തുടക്കമിട്ടത് എന്ന് അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ട്.