എട്ടിന്റെ പണി; വി.എം.വിനുവിനു പകരം പുതിയ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ്
വിനുവിന്റെ പേര് വോട്ടര്‍ പട്ടിയില്‍ ഇല്ലാത്തതാണ് കോണ്‍ഗ്രസിനു തിരിച്ചടിയായത്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് കോര്‍പറേഷനിലെ കല്ലായി ഡിവിഷനിലെ കോണ്‍ഗ്രസിന്റെ പുതിയ സ്ഥാനാര്‍ഥിയെ ഇന്നറിയാം. ഡിവിഷനില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്ന സംവിധായകന്‍ വി.എം.വിനുവിനു പകരമാണ് പുതിയ സ്ഥാനാര്‍ഥി എത്തുക. വി.എം.വിനു പ്രചരണ പരിപാടികള്‍ തുടങ്ങിയിരുന്നു.
വിനുവിന്റെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ലാത്തതാണ് കോണ്‍ഗ്രസിനു തിരിച്ചടിയായത്. സ്ഥാനാര്‍ഥിക്കു മത്സരിക്കുന്ന വാര്‍ഡില്‍ വോട്ട് വേണമെന്നാണ് നിയമം. വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നു ആവശ്യപ്പെട്ട് വിനു നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്നലെ തള്ളി. ഈ സാഹചര്യത്തിലാണ് പുതിയ സ്ഥാനാര്‍ഥിയെ തേടേണ്ട ഗതികേടിലേക്ക് യുഡിഎഫ് എത്തിയത്.
സെലിബ്രിറ്റി ആയതിനാല്‍ മാത്രം അനുകൂല ഉത്തരവ് നല്‍കാനാവില്ലെന്നും സെലിബ്രിറ്റികള്‍ക്കും സാധാരണക്കാര്‍ക്കും ഒരേ നിയമമാണെന്നും കോടതി ചൂണ്ടിക്കാണിച്ചു. താങ്കള്‍ ഈ രാജ്യത്തെ പൗരനല്ലേയെന്നും കോടതി വിനുവിനോടു ചോദിച്ചു.
സെലിബ്രിറ്റിക്ക് മാത്രമായി പ്രത്യേക പരിഗണന നല്‍കാന്‍ കഴിയില്ല. എതിര്‍പ്പുണ്ടെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുക. വി.എം.വിനു മാധ്യമങ്ങളിലൂടെ വിവരങ്ങളൊന്നും അറിയുന്നില്ലേ? നിങ്ങളുടെ കഴിവുകേട് മുന്‍നിര്‍ത്തി മറ്റു പാര്‍ട്ടികളെ കുറ്റപ്പെടുത്തരുത് - കോടതി രൂക്ഷ ഭാഷയില്‍ പ്രതികരിച്ചു.