കോടതി മുറിയില്‍ വധശിക്ഷ വിധികേട്ട് കൂസലില്ലാതെയാണ് പ്രതി ഗ്രീഷ്മ നിന്നത്. തികഞ്ഞ മൗനത്തിലായിരുന്നു വിധി കേട്ട ഗ്രീഷ്മയുടെ മുഖം. ഷാരോണിന്റെ അമ്മയും അച്ഛനും കോടതി മുറിയില്‍ വിധി കേട്ട് കരഞ്ഞു. ജഡ്ജിക്ക് നന്ദി പറഞ്ഞു. നേരത്തെ ഷാരോണിന്റെ മാതാപിതാക്കളെ ജഡ്ജി മുറിയിലേക്ക് വിളിപ്പിച്ചിരുന്നു. പിന്നാലെ വിധി കേള്‍ക്കാന്‍ കോടതി മുറിയില്‍ എത്തുകയായിരുന്നു. കൊലപാതകത്തില്‍ പ്രതിക്കുള്ള പങ്ക് വിവരിക്കുന്ന 586 പേജുള്ള വിധിയാണ് കോടതി പുറപ്പെടുവിച്ചത്.
അതേസമയം കേരളത്തില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാ കുറ്റവാളിയായിരിക്കുകയാണ് ഗ്രീഷ്മ. ഷാരേണ്‍ വധക്കേസില്‍ നെയ്യാറ്റിന്‍കര അഡീഷണല്‍ സെക്ഷന്‍സ് കോടതി പ്രതിയായ ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചത് കേരളത്തിലെ നീതിന്യായ ചരിത്രത്തിലെ ഏടായി മാറിയിരിക്കുകയാണ്. കുറ്റവാളിയായ ഗ്രീഷ്മയുടെ പ്രായം 24 ആണ്. ഷാരോണ്‍ വധക്കേസിലെ ഒന്നാംപ്രതിയും കാമുകിയുമായ ഗ്രീഷ്മയ്ക്ക് തൂക്കുകയറും മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിര്‍മല്‍ കുമാരന് മൂന്നുമാസം തടവുമാണ് ലഭിച്ചത്.
പ്രോസിക്യൂഷന്റെ എല്ലാ വാദങ്ങളും അംഗീകരിച്ചാണ് കോടതി വിധി പ്രഖ്യാപിച്ചത്. കൂടാതെ തട്ടിക്കൊണ്ടുപോകല്‍, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളും ഗ്രീഷ്മ ചെയ്തതായി കോടതി കണ്ടെത്തി. 2022 ഒക്ടോബര്‍ 14നാണ് ഗ്രീഷ്മ കാമുകന്‍ ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കഷായത്തില്‍ കളനാശിനി കലക്കി കൊടുത്തത്.