Greeshma: 'ഞാന്‍ ചെറുപ്പമാണ്, പഠിക്കാന്‍ ആഗ്രഹമുണ്ട്'; ജഡ്ജിയോടു ഗ്രീഷ്മ
അതേസമയം ഗ്രീഷ്മ ഒരു തരത്തിലുമുള്ള ദയയും അര്‍ഹിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ നിലപാടെടുത്തു
Greeshma: പാറശ്ശാല ഷാരോണ്‍ രാജ് വധക്കേസില്‍ പ്രതികളുടെ ശിക്ഷാവിധി തിങ്കളാഴ്ച. ഇന്നത്തെ കോടതി നടപടികള്‍ക്കു മുന്‍പായി ജഡ്ജി ഗ്രീഷ്മയെ വിളിപ്പിച്ചു. താന്‍ ചെറുപ്പമാണെന്നും ഭാവി കൂടി പരിഗണിച്ച് വേണം ശിക്ഷ വിധിക്കാനെന്നും ഗ്രീഷ്മ ജഡ്ജിയോടു അഭ്യര്‍ഥിച്ചു. തനിക്ക് തുടര്‍ന്ന് പഠിക്കാന്‍ ആഗ്രഹമുണ്ടെന്നും 24 വയസേ ആയിട്ടുള്ളുവെന്നും പറഞ്ഞ ഗ്രീഷ്മ ഇതൊക്കെ കണക്കിലെടുത്ത് തനിക്ക് ശിക്ഷയില്‍ ഇളവ് നല്‍കണമെന്നാണ് കോടതിയോടു ആവശ്യപ്പെട്ടത്.
അതേസമയം ഗ്രീഷ്മ ഒരു തരത്തിലുമുള്ള ദയയും അര്‍ഹിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ നിലപാടെടുത്തു. ഗ്രീഷ്മയ്ക്കു ചെകുത്താന്റെ സ്വഭാവമാണെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.
കൊലപാതകം, വിഷം നല്‍കല്‍, തട്ടിക്കൊണ്ടുപോകല്‍, പൊലീസിനെ തെറ്റിദ്ധരിപ്പിക്കല്‍ തുടങ്ങി ഗ്രീഷ്മയ്ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. നെയ്യാറ്റിന്‍കര അഡിഷണല്‍ സെഷന്‍സ് കോടതിയാണ് കൊലപാതകക്കേസില്‍ ഗ്രീഷ്മ ഒന്നാം പ്രതിയാണെന്ന് വിധിച്ചത്.
ഗൂഢാലോചന കേസില്‍ പ്രതിയായ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടു. തെളിവുകളുടെ അഭാവമാണ് സിന്ധുവിനെ വെറുതെ വിടാന്‍ കാരണം. അതേസമയം തെളിവു നശിപ്പിക്കാന്‍ സഹായിച്ച ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മല്‍ കുമാര്‍ നായരും കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി.
2022 ഒക്ടോബര്‍ 25 നാണ് ജൂസ് കുടിച്ചതിനെ തുടര്‍ന്ന് അവശനിലയിലായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 23 വയസ്സുകാരന്‍ ഷാരോണ്‍ മരിച്ചത്. കാമുകിയായിരുന്ന ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി ഷാരോണിലെ കൊലപ്പെടുത്തുകയായിരുന്നു. ഷാരോണിനെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാന്‍ വേണ്ടിയാണ് ഗ്രീഷ്മ കഷായത്തില്‍ കളനാശിനി കലര്‍ത്തിയതെന്ന് പൊലീസ് കണ്ടെത്തി.