ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം
അപകടം നടക്കുമ്പോള്‍ പിന്‍സീറ്റില്‍ ഇരുന്ന് ഉറങ്ങുകയായിരുന്നു ഷൈന്‍.
കാര്‍ അപകടത്തില്‍ പരിക്കേറ്റ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം. ഷൈനിന്റെ ഇടതു കൈ ഒടിഞ്ഞിട്ടുണ്ട്. കൈക്ക് ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ധര്‍മ്മപുരി മെഡിക്കല്‍ കോളേജിലാണ് ഷൈന്‍ ടോം ചാക്കോ ചികിത്സയിലുള്ളത്. അപകടം നടക്കുമ്പോള്‍ പിന്‍സീറ്റില്‍ ഇരുന്ന് ഉറങ്ങുകയായിരുന്നു ഷൈന്‍.
അപകടത്തില്‍ ഡ്രൈവറിനും അമ്മയ്ക്കും സഹോദരനും പരിക്കേറ്റിട്ടുണ്ട്. ഷൈനിന്റെ പിതാവ് ചാക്കോ അപകടത്തില്‍ മരണപ്പെട്ടിരുന്നു. ഇദ്ദേഹം കാറിന്റെ മധ്യഭാഗത്താണ് ഇരുന്നത്. പരിക്കേറ്റവരില്‍ ആരുടെയും നില ഗുരുതരമല്ല. എറണാകുളത്തു നിന്ന് ബാംഗ്ലൂരിലേക്ക് ചികിത്സയ്ക്ക് പോകവെയാണ് അപകടം നടന്നത്.
കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് ഷൈനിന്റെ കുടുംബം കൊച്ചിയില്‍ നിന്ന് യാത്രതിരിച്ചത്.