സോളാര്‍ വിഷയത്തില്‍ ഉമ്മന്‍ചാണ്ടി ജാഗ്രത കാണിച്ചില്ല; ഓഫീസിൽ നിന്ന് പ്രതികള്‍ക്ക് വഴിവിട്ട് സഹായം ലഭിച്ചു - സുധീരന്‍
സോളാര്‍ വിഷയത്തില്‍ ഉമ്മന്‍ചാണ്ടി ജാഗ്രത കാണിച്ചില്ല: സുധീരന്‍
സോളാർ വിഷയത്തില്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ ഉമ്മൻചാണ്ടിക്കെതിരെ വിഎം സുധീരൻ. സോളാർ കേസ് കൈകാര്യം ചെയ്യുന്നതിൽ ഉമ്മൻചാണ്ടി ജാഗ്രത കാണിച്ചില്ല. ജാഗ്രത കാണിച്ചിരുന്നെങ്കിൽ പ്രശ്നങ്ങൾ ഇത്രയും വഷളാകില്ലായിരുന്നു. കേസിലെ പ്രതികൾക്ക് ഉമ്മൻചാണ്ടിയുടെ ഓഫീസിൽ നിന്ന് വഴിവിട്ട് സഹായം ലഭിക്കുന്നത് തടയാനായില്ലെന്നും സുധീരൻ യോഗത്തില്‍ തുറന്നടിച്ചു.
ഉമ്മന്‍ചാണ്ടിക്കെതിരായ ലൈംഗികാരോപണം താന്‍ വിശ്വസിക്കുന്നില്ല. സോളാർ കമ്മിഷൻ റിപ്പോർട്ടിനെതിരെ പ്രത്യക്ഷ സമരപരിപാടികളിലേക്ക് നീങ്ങിയാല്‍ അത് തിരിച്ചടിയാകുമെന്നും ജനങ്ങളില്‍ തെറ്റായ സന്ദേശം എത്തുന്നതിന് കാരണമാകുമെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, ഉമ്മന്‍ചാണ്ടിയെ കുറ്റപ്പെടുത്തിയുള്ള സുധീരന്റെ നിലപാടിന് മറ്റു നേതാക്കളുടെ പിന്തുണ ലഭിച്ചില്ല. സുധീരന്റെ പ്രസ്‌താവന കേട്ടതല്ലാതെ പ്രതികരിക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറായില്ല.
സുധീരന്റെ നിലപാടിനെ തള്ളിക്കളയുന്ന തരത്തിലുള്ളതായിരുന്നു കെപിസിസി പ്രസിഡന്റ് എംഎം ഹസന്റെ പ്രസ്‌താവന. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും നേതാക്കളെ ഒറ്റതിരിഞ്ഞ് ആക്രമിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം നിലപാടുകള്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ നശിപ്പിക്കുമെന്നും ഹസന്‍ പറഞ്ഞു. സോളാര്‍ വിഷയത്തില്‍ താന്‍ പറഞ്ഞ വാക്കുകളല്ല മാധ്യമങ്ങളിലൂടെ പുറത്തുവന്നതെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വിഡി സതീശൻ യോഗത്തില്‍ പറഞ്ഞു.