മുഖ്യമന്ത്രി പിണറായി വിജയൻറെ പരിപാടിക്ക് വൻ സുരക്ഷാ സന്നാഹം. പരിപാടിയിൽ പങ്കെടുക്കുന്നതിന് മാധ്യമപ്രവർത്തകർക്ക് പാസ് ഏർപ്പെടുത്തി. ഒരു മണിക്കൂർ മുൻപ് പ്രവേശിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
11 മണിക്കാണ് മുഖ്യമന്ത്രിയുടെ പരിപാടി തുടങ്ങുന്നത്. ഒമ്പത് മണിയോടെ സംഘാടകർ വിതരണം ചെയ്യുന്ന പാസ് ഉള്ളവരെ മാത്രമാണ് ഹാളിൽ കയറ്റുന്നത്. സാധാരണഗതിയിൽ രാഷ്ട്രപതി,പ്രധാനമന്ത്രി,ഉപരാഷ്ട്രപതി എന്നിവർ പങ്കെടുക്കുന്ന പരിപാടികൾക്ക് മാത്രമാണ് ഇത്തരം പാസ് നൽകിയുള്ള പ്രവേശനം നടപ്പിലാക്കുന്നത്. കേരളത്തിൽ മുഖ്യമന്ത്രിയുടെ പരിപാടിയിൽ ഇതുവരെ ഇത്തരമൊരു നിയന്ത്രണം ഉണ്ടായിട്ടില്ല.
പരിപാടിയിൽ പങ്കെടുക്കുന്നതിനായി ഇന്നലെ മുഖ്യമന്ത്രി നാട്ടകം ഗസ്റ്റ് ഹസ്സിലെത്തിയിരുന്നു. ഗസ്റ്റ് ഹൌസിൽ നിന്ന് പരിപാടി നടക്കുന്ന ഹാൾ വരെയുള്ള റോഡുകളിലെല്ലാം പോലീസിനെ വിന്യസിച്ചിട്ടുണ്ട്.ജില്ലാ പോലീസ് മേധാവിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് സുരക്ഷാനടപടികൾ. വാഹനങ്ങളെല്ലാം വഴിതിരിച്ചുവിടുകയാണ്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചത്.
അതേസമയം പോലീസിന്റെ കോട്ട കെട്ടി മുഖ്യമന്ത്രി അതിനുള്ളിൽ ഒളിച്ചിരിപ്പാണെന്നും മാധ്യമങ്ങളെ കാണാൻ മുഖ്യമന്ത്രി ഭയപ്പെടുന്നുവെന്നും ഡൽഹിയിൽ നരേന്ദ്രമോദി ചെയ്യുന്നതാണ് പിണറായി വിജയൻ കേരളത്തിൽ ചെയ്യുന്നതെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.