ശ്രീദേവിക്ക് ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നില്ല: സഞ്ജയ് കപൂർ
ശ്രീദേവിയുടെ മരണത്തിന് കാരണം ഹൃദയാഘാതമല്ല?
ഇന്ത്യൻ സിനിമാലോകത്തെ ഞെട്ടിച്ചായിരുന്നു ശ്രീദേവിയുടെ അപ്രതീക്ഷിതവിടവാങ്ങൽ. ശനിയാഴ്ച രാത്രിയോടെ ദുബൈയിലായിരുന്നു അന്തം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പുറത്തുവരുന്ന വാർത്തകൾ. എന്നാൽ, ശ്രീദേവിക്ക് ഹൃദയസംബന്ധമായ അസുഖങ്ങൾ ഒന്നുമുണ്ടായിരുന്നില്ലെന്ന് ഭര്‍തൃസഹോദരന്‍ സഞ്ജയ് കപൂര്‍ അറിയിച്ചു.
ശ്രീദേവിയുടെ മരണത്തെ ഇപ്പോഴും ഉള്‍ക്കൊള്ളാനായിട്ടില്ലെന്ന് സഞ്ജയ് കപൂര്‍ പറഞ്ഞു. കുടുംബത്തിന് വലിയ ആഘാതമാണ് മരണം സൃഷ്ടിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഭര്‍ത്താവ് ബോണി കപൂറിന്റെ മരുമകന്‍ മോഹിത് മര്‍വായുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ദുബായിലെത്തിയ ശ്രീദേവി താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്. മരണസമയത്ത് ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുഷിയും സമീപത്തുണ്ടായിരുന്നു.
ശ്രീദേവിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി അനില്‍ അംബാനി ഏര്‍പ്പെടുത്തിയ സ്വകാര്യ വിമാനം ദുബൈയിലെത്തിയിട്ടുണ്ട്. അന്ത്യകർമ്മങ്ങൾ ഇന്നുണ്ടാകും.