വിഴിഞ്ഞം തുറമുഖം ഉദ്ഘാടനവുമായി ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ പരസ്യങ്ങളില്‍ മുഖ്യമന്ത്രിയുടെ ചിത്രമില്ല; പ്രതിപക്ഷ നേതാവ് പങ്കെടുക്കില്ല
എന്നാല്‍ വിഴിഞ്ഞം തുറമുഖ ഉദ്ഘാടനവുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പരസ്യങ്ങളില്‍ പ്രധാനമന്ത്രിയുടെ ചിത്രവും ഉള്‍പ്പെടുത്തിയിരുന്നു.
വിഴിഞ്ഞം തുറമുഖം ഉദ്ഘാടനവുമായി ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പരസ്യങ്ങളില്‍ സംസ്ഥാനത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രമില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ വിഴിഞ്ഞം തുറമുഖ ഉദ്ഘാടനവുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പരസ്യങ്ങളില്‍ പ്രധാനമന്ത്രിയുടെ ചിത്രവും ഉള്‍പ്പെടുത്തിയിരുന്നു.
കേന്ദ്രസര്‍ക്കാര്‍ പ്രധാനമന്ത്രിയുടെ ചിത്രം മാത്രമുള്ള പരസ്യമാണ് ഇംഗ്ലീഷ് ദിനപത്രങ്ങളിലടക്കം നല്‍കിയിട്ടുള്ളത്. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ അധികൃതര്‍ക്കിടയില്‍ പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്. വികസിത് ഭാരത് 2047ന്റെ ഭാഗമായാണ് പദ്ധതിയെന്ന് ഷിപ്പിംഗ് മന്ത്രാലയം നല്‍കിയ പരസ്യത്തില്‍ പറയുന്നു. അതേസമയം വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പ്രതിപക്ഷനേതാവ് വിഡി സതീശന്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചു.
തിങ്കളാഴ്ചത്തെ തീയതിയില്‍ ചൊവ്വാഴ്ച കൈമാറിയ കത്ത് അപമാനിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ആദ്യഘട്ടത്തില്‍ ഉദ്ഘാടന ചടങ്ങിലേക്ക് പ്രതിപക്ഷനേതാവിനെ ക്ഷണിച്ചിരുന്നില്ല. സ്ഥലം എംഎല്‍എയായ എം വിന്‍സന്റിനെ മാത്രമാണ് ക്ഷണിച്ചത്. പ്രതിഷേധത്തെ തുടര്‍ന്ന് ഇത് സംബന്ധിച്ച ഒരു ക്ഷണക്കത്ത് പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ എത്തുകയായിരുന്നു.