മ്യൂസിയത്തില്‍ രാവിലെ നടക്കാനിറങ്ങിയ അഞ്ച് പേരെ ആക്രമിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു
പരിക്കേറ്റവരെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് കുത്തിവയ്പ്പുകള്‍ നല്‍കി.
തിരുവനന്തപുരം: മ്യൂസിയത്തിലെ പ്രഭാത നടത്തക്കാരെ കടിച്ച തെരുവ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പരിക്കേറ്റവര്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്. ഇവരുടെ വീടുകള്‍ക്ക് സമീപമുള്ള ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്‍കി. പരിക്കേറ്റവരെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് കുത്തിവയ്പ്പുകള്‍ നല്‍കി.
തൈക്കാട് സ്വദേശി ശ്യാം, മ്യൂസിയം ജംഗ്ഷന്‍ സ്വദേശി ശരത് ബാബു, കുരിയാത്തി സ്വദേശി തമ്പി, ആനാട് സ്വദേശി ഉദയലാല്‍, വേലനാട് സ്വദേശി അയ്യപ്പന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. എല്ലാവരുടെയും ശരീരത്തില്‍ മുറിവുകളുണ്ട്. അതിനാല്‍ എല്ലാവര്‍ക്കും ഐഡിആര്‍വി, ഇമ്യൂണോഗ്ലോബുലിന്‍ കുത്തിവയ്പ്പുകള്‍ നല്‍കി.രണ്ട് ദിവസം മുമ്പ് വൈകുന്നേരം മ്യൂസിയം വളപ്പിലെത്തിയ ഒരു ഉത്തരേന്ത്യന്‍ കുടുംബത്തിലെ ഒരു കുട്ടിയെയും തെരുവ് നായ ആക്രമിക്കാന്‍ ശ്രമിച്ചു.
കുട്ടിയുടെ അമ്മ അവനെ സംരക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫുഡ് കോര്‍ട്ടിന് സമീപം നിലത്തു വീണു. കൈക്ക് പരിക്കേറ്റതിനാല്‍ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.