ദാമ്പത്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ക്ലാസെടുത്തിരുന്ന ധ്യാന ദമ്പതികള്‍ തമ്മില്‍ മുട്ടനടി; തലയ്ക്കു സെറ്റ്-ടോപ് ബോക്‌സ് കൊണ്ട് അടിച്ചു
തര്‍ക്കത്തിനിടെ മാരിയോ ജിജിയുടെ തലയ്ക്ക് സെറ്റ്-ടോപ്പ് ബോക്‌സ് കൊണ്ട് അടിച്ചെന്നാണ് പരാതി
ക്രൈസ്തവ ധ്യാന കേന്ദ്രങ്ങളിലെ സ്ഥിരം സാന്നിധ്യവും ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സര്‍മാരുമായ മാരിയോ ജോസഫ് - ജീജി മാരിയോ ദമ്പതികളുടെ കുടുംബപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇരുവരും കഴിഞ്ഞ ഒന്‍പതു മാസമായി അകന്ന് കഴിയുകയാണെന്നും പരസ്പരം പ്രശ്‌നങ്ങള്‍ സംസാരിച്ചു തീര്‍ക്കുന്നതിനിടെയാണ് കഴിഞ്ഞ മാസം 25ന് സംഘര്‍ഷമുണ്ടായതെന്നും എഫ്‌ഐആര്‍.
തര്‍ക്കത്തിനിടെ മാരിയോ ജിജിയുടെ തലയ്ക്ക് സെറ്റ്-ടോപ്പ് ബോക്‌സ് കൊണ്ട് അടിച്ചെന്നാണ് പരാതി. ചാലക്കുടി ഫിലോകാലിയ ഫൗണ്ടേഷന്‍ നടത്തിപ്പുകാരാണ് ഇരുവരും. നല്ല ദാമ്പത്യം, കുടുംബപ്രശ്‌നങ്ങള്‍, യുവാക്കളുടെ പ്രശ്‌നങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ധ്യാന കേന്ദ്രങ്ങളില്‍ ക്ലാസെടുക്കുകയും സമൂഹമാധ്യമങ്ങളിലൂടെ ഉപദേശം നല്‍കുകയും ചെയ്യുന്നവരാണ് ഇരുവരും. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് മാരിയോക്കെതിരെ കേസ്. കുറ്റം തെളിഞ്ഞാല്‍ ഒരു മാസം തടവോ അയ്യായിരം രൂപ വരെ പിഴയോ ശിക്ഷ ലഭിച്ചേക്കാം.
പ്രഫഷണല്‍ പ്രശ്‌നങ്ങളാണ് സ്ഥിതി വഷളാക്കിയതെന്നാണ് വിവരം. പ്രശ്‌നം പറഞ്ഞു തീര്‍ക്കാന്‍ ഒക്ടോബര്‍ 25ന് വൈകിട്ട് അഞ്ചരയ്ക്ക് ജീജി ഭര്‍ത്താവായ മാരിയോയുടെ വീട്ടിലെത്തി. സംസാരത്തിനിടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമാകുകയും കൈയാങ്കളിയിലേക്ക് എത്തുകയും ചെയ്തു. സെറ്റ്‌ടോപ്പ് ബോക്‌സ് എടുത്ത് മാരിയോ ജീജിയുടെ തലയ്ക്ക് അടിച്ചു. തുടര്‍ന്ന് ഇടത് കൈയില്‍ കടിക്കുകയും തലമുടി പിടിച്ച് വലിക്കുകയുമായിരുന്നു. എഴുപതിനായിരം രൂപയോളം വിലവരുന്ന തന്റെ മൊബൈല്‍ ഫോണ്‍ മാരിയോ ജോസഫ് നശിപ്പിച്ചെന്നും ജീജിയുടെ പരാതിയില്‍ ഉണ്ട്.