അമീബിക് മസ്തിഷ്‌കജ്വരം: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള രണ്ടുപേരുടെ ആരോഗ്യനില അതീവ ഗുരുതരം
അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള രണ്ടുപേരുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു.
അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള രണ്ടുപേരുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. മലപ്പുറം സ്വദേശികളായ രണ്ടുപേരും വെന്റിലേറ്ററിലാണുള്ളത്. എട്ടു ദിവസത്തിനിടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന മൂന്നു പേരാണ് മരണപ്പെട്ടത്.
അതേസമയം ചികിത്സയ്ക്കായി വിദേശത്തുനിന്നും ഉള്‍പ്പെടെ മരുന്ന് എത്തിച്ച് രോഗികള്‍ക്ക് നല്‍കുന്നുണ്ടെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു. നിലവില്‍ 12 പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗം ബാധിച്ച് ചികിത്സയില്‍ ഉള്ളത്. ഇതില്‍ രണ്ടു പേര്‍ കുട്ടികളാണ്. കഴിഞ്ഞ ദിവസം അമീബിക് മസ്തിഷ്‌കജ്വരം മൂലം സംസ്ഥാനത്ത് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന വയനാട് ബത്തേരി സ്വദേശി രതീഷ് ആണ് മരിച്ചത്. 45 വയസ്സ് ആയിരുന്നു. ഗുരുതരാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് മറ്റ് അസുഖങ്ങളും ഉള്ളതിനാല്‍ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.