ജൂവലറിയിൽ സ്വർണ്ണം വാങ്ങാനെന്ന വ്യാജേനയെത്തി മാല മോഷ്ടിച്ചു
Publish Date: Wed, 23 Feb 2022 (18:39 IST)
Updated Date: Wed, 23 Feb 2022 (18:41 IST)
പറവൂർ: സ്വർണ്ണം വാങ്ങാനെന്ന വ്യാജേന ജൂവലറിയിലെത്തി മാല മോഷ്ടിച്ച്. നമ്പൂരിയച്ചൻ ആലിന് സമീപത്തെ കൃഷ്ണ ജൂവലറിയിലാണ് കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നരയോടെ ഒരു പവന്റെ മാല മോഷണം പോയത്.
സംഭവ സമയത്ത് ഉടമയായ സ്ത്രീ മാത്രമായിരുന്നു കടയിൽ ഉണ്ടായിരുന്നത്. ഇവരുടെ മകൻ ഭക്ഷണം കഴിക്കാനായി വീട്ടിൽ പോയിരുന്നു. ഉദ്ദേശം മുപ്പത് വയസു പ്രായം തോന്നിക്കുന്ന ഒരു യുവാവ് കടയിലെത്തി മാലകൾ കാണിക്കാൻ പറഞ്ഞു. ഉടമ ഒരു മാല കാണിച്ചപ്പോൾ ഇതിനു പറ്റിയ താലി ഉണ്ടോയെന്നും യുവാവ് ചോദിച്ചു. എന്നിട്ടു മാല കൈയിൽ വാങ്ങിയ യുവാവ് ഇതുമായി പെട്ടന്ന് കടയിൽ നിന്ന് പുറത്തേക്കോടുകയും കുറച്ചകലെ നിർത്തിയിട്ടിരുന്ന ഓട്ടോ റിക്ഷയിൽ കയറി പോവുകയുമായിരുന്നു.
സ്ത്രീയുടെ ബഹളം കേട്ടതോടെ സമീപത്തെ ഓട്ടോ സ്റ്റാൻഡിലെ ഓട്ടോക്കാർ പിറകെ പാഞ്ഞു. പിറകെ ഓട്ടോറിക്ഷകൾ വരുന്നത് കണ്ട് യുവാവ് കയറിയ ഓട്ടോറിക്ഷാ ഡ്രൈവർ കാര്യം തിരക്കിയപ്പോൾ യുവാവ് ഓട്ടോയിൽ നിന്ന് പുറത്തേക്ക് ഓടി രക്ഷപെടുകയും ചെയ്തു.
ഓട്ടോ റിക്ഷ ഡ്രൈവറുടെ മൊഴി പ്രകാരം യുവാവ് വലപ്പാട് നിന്ന് ഓട്ടോ വിളിച്ചാണ് പറവൂരിൽ എത്തിയതെന്നും വെളിപ്പെട്ടു. കെട്ടിട നിർമാണ സാധനങ്ങൾ വാങ്ങാനായി പറവൂരിൽ പോകണം എന്ന് പറഞ്ഞായിരുന്നു ഇയാൾ ഓട്ടോ റിലിച്ചതെന്നും ഡ്രൈവർ പറഞ്ഞു. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് യുവാവിന്റെ ചിത്രം ലഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Follow Webdunia malayalam
അടുത്ത ലേഖനം