ഉത്രാവധക്കേസില്‍ പൊലീസിനെതിരെ വനിതാ കമ്മീഷന്‍. മരണത്തില്‍ ഉത്രയുടെ മാതാപിതാക്കള്‍ സംശയം പ്രകടിപ്പിച്ചിട്ടും മൃതദേഹം ദഹിപ്പിക്കാന്‍ അനുവദിച്ചത് അഞ്ചല്‍ പൊലീസിന്റെ വീഴചയാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ പറഞ്ഞു. ആവശ്യമെങ്കില്‍ അഞ്ചല്‍ സിഐയെ നേരിട്ട് വനിതാ കമ്മീഷന് മുമ്പില്‍ ഹാജരാക്കി ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ വനിതാകമ്മീഷന് മുമ്പില്‍ ഹാജരാക്കാന്‍ ആവശ്യപ്പെടുമെന്ന് ജോസഫൈന്‍ പറഞ്ഞു.
അതേസമയം പാമ്പിനെകൊണ്ട് കടിപ്പിക്കും മുന്‍പ് ഉത്രയ്ക്ക് ഭര്‍ത്താവായ സൂരജ് ഉറക്കഗുളിക നല്‍കിയിരുന്നതായി അന്വേഷണസംഘം കണ്ടെത്തി. പാമ്പ് കടിക്കുന്ന വേദന അറിയാതിരിക്കാനാണ് ഇങ്ങനെ ചെയ്തത്. ഉത്ര മരിക്കുന്ന ദിവസം ഉത്രയുടെ വീട്ടില്‍ സൂരജ് ജൂസുണ്ടാക്കിയിരുന്നു. ഉത്രയ്ക്ക് സൂരജിന്റെ വീട്ടില്‍ വച്ച് ആദ്യം പാമ്പിന്റെ കടിയേറ്റപ്പോള്‍ വീട്ടില്‍ പായസം ഉണ്ടാക്കിയിരുന്നു. ഇതിലും ഉറക്കഗുളിക ഉണ്ടായിരുന്നോയെന്ന് അന്വേഷണ സംഘത്തിന് സംശയം ഉണ്ട്. കൂടാതെ ഉത്രയുടെ കൊലപാതകത്തില്‍ സൂരജിന്റെ കുടുംബത്തിന്റെ പങ്കും അന്വേഷിക്കും.