'സ്വന്തം നിലനില്‍പ്പിനു വേണ്ടി രാഹുലിനെ തള്ളിപ്പറഞ്ഞു'; ഷാഫി-രാഹുല്‍ അനുകൂലികള്‍ക്കിടയില്‍ സതീശനെതിരെ വികാരം
ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലും വി.ഡി.സതീശനൊപ്പം ഉറച്ചുനിന്നിരുന്നവരാണ്
പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ ഷാഫി പറമ്പില്‍-രാഹുല്‍ മാങ്കൂട്ടത്തില്‍ അനുയായികള്‍. ലൈംഗികാരോപണങ്ങളുടെ അടിസ്ഥാനത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ തള്ളിപ്പറഞ്ഞ സതീശന്റെ നിലപാടിനെതിരെയാണ് വികാരം ശക്തമായിരിക്കുന്നത്. രാഹുലിനെ കേള്‍ക്കാന്‍ പോലും സതീശന്‍ തയ്യാറായില്ലെന്നാണ് വിമര്‍ശനം.
ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലും വി.ഡി.സതീശനൊപ്പം ഉറച്ചുനിന്നിരുന്നവരാണ്. എന്നാല്‍ രാഹുലിനെതിരായ ആരോപണങ്ങള്‍ പുറത്തുവന്നതോടെ സതീശന്‍ എടുത്ത പല തീരുമാനങ്ങളും രാഹുലിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതായിരുന്നു. ഇതില്‍ ഷാഫി പറമ്പിലിനും അനിഷ്ടമുണ്ട്. രാഹുലിനെ സതീശന്‍ പ്രതിരോധിക്കേണ്ടതായിരുന്നു എന്നാണ് ഷാഫി പറമ്പിലിന്റെ നിലപാട്.
പാര്‍ട്ടി പിടിക്കാന്‍ സതീശന്‍ ആയുധമാക്കിയ നേതാക്കളില്‍ ഒരാളാണ് മാങ്കൂട്ടത്തില്‍. ഷാഫിയെയും മാങ്കൂട്ടത്തിലിനെയും ചേര്‍ത്തുനിര്‍ത്തിയായിരുന്നു സതീശന്റെ പല ആഭ്യന്തര ഓപ്പറേഷനുകളും. മുതിര്‍ന്ന നേതാക്കള്‍ക്കടക്കം ഈ ഗ്രൂപ്പിസത്തില്‍ നീരസമുണ്ടായിരുന്നു. ലൈംഗിക ആരോപണങ്ങളെ തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ വികാരം ശക്തമായതോടെ സതീശന്റെ പവര്‍ ഗ്രൂപ്പ് പൊളിയാനും തുടങ്ങി. ഷാഫിയും രാഹുലും സതീശനില്‍ നിന്ന് അകലുന്നു എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
ആരോപണങ്ങളുടെ തുടക്കസമയത്ത് രാഹുലിനെ പ്രതിരോധിക്കാന്‍ പരാമവധി ശ്രമിച്ചതാണ് സതീശന്‍. എന്നാല്‍ ചില ശബ്ദരേഖകള്‍ പുറത്തുവന്നതോടെ ഈ പ്രതിരോധത്തില്‍ നിന്ന് സതീശന്‍ പിന്‍വലിഞ്ഞു. രമേശ് ചെന്നിത്തല അടക്കമുള്ള മുതിര്‍ന്ന നേതാക്കളെല്ലാം രാഹുലിനെതിരെ ഒറ്റക്കെട്ടായി നില്‍ക്കുമ്പോള്‍ ആരോപണ വിധേയനെ സംരക്ഷിക്കുന്ന നിലപാട് തുടര്‍ന്നാല്‍ തന്റെ രാഷ്ട്രീയഭാവിക്കും തിരിച്ചടിയായേക്കുമെന്ന് സതീശനു മനസിലായി. ഇതേ തുടര്‍ന്നാണ് രാഹുലിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന തീരുമാനത്തിലേക്ക് സതീശനും എത്തിയത്.