കടുത്ത പനിയെ തുടര്‍ന്ന് ദുബായിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന റാപ്പര്‍ വേടന്റെ സംഗീത പരിപാടിയില്‍ മാറ്റം. വെള്ളിയാഴ്ച ഖത്തറില്‍ നടക്കേണ്ടിയിരുന്ന സംഗീത പരിപാടി ഡിസംബര്‍ 12 ലേക്കു മാറ്റി. ദുബായിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ് ഇപ്പോള്‍ വേടന്‍. ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിക്കുന്നത്.
കഴിഞ്ഞ ഞായറാഴ്ച ദുബായിലെ ഖിസൈസില്‍ വേടന്‍ പരിപാടി അവതരിപ്പിച്ചിരുന്നു. അസുഖത്തെ തുടര്‍ന്ന് അവസാന മണിക്കൂറിലാണ് അന്ന് വേടന്‍ സ്റ്റേജിലെത്തിയത്. രണ്ട് ദിവസത്തിനകം ആശുപത്രി വിടാന്‍ കഴിയുമെന്നാണ് വേടന്റെ സുഹൃത്തുക്കള്‍ അറിയിക്കുന്നത്.
ആശുപത്രിയില്‍ നിന്നുള്ള ചിത്രം വേടന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. ആരോഗ്യം വീണ്ടെടുക്കുന്നതിനാണ് ഇപ്പോള്‍ മുന്‍ഗണനയെന്നും പരിപാടി മാറ്റിവയ്‌ക്കേണ്ടി വന്നതിനു ക്ഷമ ചോദിക്കുന്നതായും വേടന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.