കേരളത്തിൽ ജാതി ഇപ്പോഴുമുണ്ടെന്ന് റാപ്പർ വേടൻ. കേരളത്തിൽ ജാതി നിൽക്കുന്നത് മൃദുവായിട്ടാണെന്നും അതിനാൽ കണ്ടുപിടിക്കുക എളുപ്പമല്ലെന്നും വേടൻ പറയുന്നു. കേരളത്തിൽ ജാതിയില്ല, വേടൻ കാരണമാണ് ജാതി വരുന്നതെന്ന് പറയുന്നത് വിഡ്ഢികളാണെന്നും വേടൻ പറയുന്നു.
ഒരു പട്ടികജാതിക്കാരൻ പണമുണ്ടാക്കിയാലും വിദ്യാഭ്യാസം നേടിയാലും അവൻ പട്ടികജാതിക്കാരനായി തുടരുമെന്നും വേടൻ പറയുന്നു. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വേടൻ.
'കേരളത്തിൽ ജാതി നിലനിൽക്കുന്നത് മൃദുവായിട്ടുള്ള രീതിയിലാണ്. അതിനെ കണ്ടുപിടിക്കൽ എളുപ്പമല്ല. ഒരിക്കൽ കണ്ടുപിടിച്ചാൽ പിന്നെ അതിനെ കാണാതിരിക്കാൻ പറ്റില്ല. കേരളത്തിൽ ജാതിയില്ല, വേടൻ കാരണമാണ് കേരളത്തിൽ ജാതി വരുന്നത് എന്ന് പറയുന്നത് വിഡ്ഢികളായിട്ടാണ് ഞാൻ കരുതുന്നത്. ഇന്ത്യയുടെ രൂഢമൂലമായിട്ടുള്ള രാഷ്ട്രീയം ജാതി തന്നെയാണ്', എന്നാണ് വേടൻ പറയുന്നത്.
ഒരു പട്ടികജാതിക്കാരൻ പൈസ ഉണ്ടാക്കിയാലും വിദ്യാഭ്യാസം നേടിയാലും അവസാനം അവൻ ഒരു പട്ടികജാതിക്കാരൻ മാത്രമാണ്. വേടൻ കാറ് വാങ്ങിയാലും വീട് വച്ചാലും അവസാനം ഒരു പട്ടികജാതിക്കാരൻ മാത്രമാണെന്നും വേടൻ പറയുന്നു. അതെല്ലാം മാറണമെങ്കിൽ കൃത്യമായ വിദ്യാഭ്യാസം നൽകണമെന്നും വേടൻ പറയുന്നു. വേടൻ ഒറ്റയ്ക്ക് പാട്ടുപാടിയത് കൊണ്ടോ ഒരു പത്ത് അംബേദ്കർ വന്നത് കൊണ്ടോ തീരുന്ന ഒരു കാര്യമല്ല. ജാതി വളരെ ആഴത്തിൽ ആളുകളുടെ ഉള്ളിൽ കിടക്കുന്ന കാര്യമാണെന്നും വേടൻ കൂട്ടിച്ചേർക്കുന്നുണ്ട്.