തിരുവനന്തപുരം: മോട്ടോര്‍ വാഹന നികുതി കുടിശിക തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി മാര്‍ച്ച് 31 ന് അവസാനിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. 2020 മാര്‍ച്ച് 31 ന് ശേഷം നികുതി അടയ്ക്കാന്‍ കഴിയാത്ത വാഹന ഉടമകള്‍ക്കാണ് ഈ അവസരം പ്രയോജനപ്പെടുന്നത്.
ഇതനുസരിച്ച് ട്രാന്‍സ് പോര്‍ട്ട് വാഹനങ്ങള്‍ക്ക് 2020 ഏപ്രില്‍ മുതല്‍ 2024 മാര്‍ച്ച് 31 വരെയുള്ള നികുതിയും അധിക നികുതിയും പലിശയും ഉള്‍പ്പെടെയുള്ള ആകെ തുകയുടെ 30% വും നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് 40 % വും മാത്രം അടച്ച് ബാധ്യത ഒഴിവാക്കാന്‍ കഴിയും. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നിലനില്‍ക്കുന്ന ആര്‍.ടി.ഒ അഥവാ സബ് ആര്‍.ടി.ഒ ഓഫീസുകളില്‍ കുടിശിക തുക അടയ്ക്കാം. 2020 മാര്‍ച്ച് 31 വരെയുള്ള നികുതി കുടിശിക പൂര്‍ണ്ണമായും ഒഴിവാക്കിയിരുന്നു.
ഈ നികുതി കുടിശിക അടയ്ക്കല്‍ പദ്ധതിക്ക് ഇന്‍ഷ്വറന്‍സ് സര്‍ട്ടിഫിക്കറ്റ്, ആര്‍.സി, മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി വരിസംഖ്യ അടച്ച രസീത് എന്നിവ ആവശ്യമില്ല. മറ്റു വിശദ വിവരങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകളില്‍ ലഭ്യമാണ്. എന്തെങ്കിലും കാരണവശാലും വാഹനം നിരത്തില്‍ സര്‍വ്വീസ് നടത്തുന്നതായി കണ്ടെത്തിയാല്‍ 2024 ഏപ്രില്‍ 1 മുതലുള്ള നികുതി അടയ്ക്കണമെന്നുള്ള വ്യവസ്ഥയ്ക്ക് വിധേയമായി തുടര്‍ന്നുള്ള നികുതി ബാദ്ധ്യതയില്‍ നിന്നും ഒഴിവാക്കും. വിശദ വിവരങ്ങള്‍ https://mvd.kerala.gov.in വെബ് ലിങ്കിലും മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകളിലും ലഭിക്കും.