തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ സുഹൃത്ത് ഫർസാനയെ തന്റെ വീട്ടിലെത്തിച്ചത് അമ്മയ്ക്ക് അസുഖം കൂടിയെന്ന് കള്ളം പറഞ്ഞ്. കാൻസർ രോഗിയായ അമ്മ ഷെമിക്ക് അസുഖം കൂടുതലാണെന്നും ഫർസാനയെ കാണണമെന്ന് ഉമ്മ പറഞ്ഞെന്നും പറഞ്ഞായിരുന്നു അഫാൻ പെണ്സുഹൃത്തിനെ വീട്ടിലെത്തിച്ചത്. വീട്ടിലെത്തിച്ച ശേഷം ഫർസാനയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് അഫാൻ പൊലീസിന് മൊഴി നൽകി.
നടന്ന് കാവറ റോഡിലെത്തിയ ഫർസാനയെ ബൈക്കിൽ കാത്തുനിന്ന അഫാൻ വീട്ടിലെത്തിച്ചു. അകത്ത് കടന്നതും ഫർസാനയെ അഫാൻ ആക്രമിച്ചു. പണയംവയ്ക്കാൻ നൽകിയ സ്വർണമാല തിരികെ ചോദിച്ച് സമ്മർദത്തിലാക്കിയ ഫർസാനയോടു വൈരാഗ്യം തോന്നിയിരുന്നെന്നും ഇയാൾ പറയുന്നു. ദുരിതാവസ്ഥയിൽ തന്നെ വീർപ്പുമുട്ടിച്ചെന്ന ചിന്തയാണു ഫർസാനയോടുണ്ടായിരുന്നതെന്ന് ഇയാൾ പൊലീസിനു മൊഴി നൽകി.
സ്വന്തം വീട്ടിൽ അമ്മ ഷെമിയെ ആക്രമിച്ച ശേഷം മുറി പൂട്ടിയ ശേഷം മുത്തശ്ശി സൽമാ ബീവിയുടെ വീട്ടിലേക്കു പോയി. മുത്തശ്ശിയെയും പിതൃസഹോദരനെയും അദ്ദേഹത്തിന്റെ ഭാര്യയെയും കൊലപ്പെടുത്തിയ ശേഷം തിരികെ വീട്ടിലെത്തി. ഇതിനുശേഷമാണ് ഫർസാനയെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയത്.