രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിട്ടില്ല: വി.കെ.ശ്രീകണ്ഠന്‍
പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാഹുലിനെ സസ്‌പെന്‍ഡ് ചെയ്തതായി നേരത്തെ കെപിസിസി നേതൃത്വം പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും അറിയിച്ചിരുന്നു
ലൈംഗികാരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് പാലക്കാട് എംപി വി.കെ.ശ്രീകണ്ഠന്‍. രാഹുലിനെ സസ്‌പെന്‍ഡ് ചെയ്യുക മാത്രമാണ് ചെയ്തിരിക്കുന്നത്. അത് നിശ്ചിതകാലത്തേക്ക് മാത്രമായിട്ടുള്ളതാണെന്നും ശ്രീകണ്ഠന്‍ പറഞ്ഞു.
പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാഹുലിനെ സസ്‌പെന്‍ഡ് ചെയ്തതായി നേരത്തെ കെപിസിസി നേതൃത്വം പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും അറിയിച്ചിരുന്നു. സസ്‌പെന്‍ഷനിലുള്ള രാഹുല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കായി പ്രചരണത്തിനു സജീവമാണ്. മാത്രമല്ല ചില കോണ്‍ഗ്രസ് യോഗങ്ങളിലും രാഹുല്‍ പങ്കെടുത്തതായി വിവരമുണ്ട്. ഇതേ കുറിച്ച് ചോദിക്കുമ്പോഴാണ് ശ്രീകണ്ഠന്റെ പ്രതികരണം.
' കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും അദ്ദേഹത്തെ പുറത്താക്കിയിട്ടില്ല. രാഹുല്‍ ഇപ്പോഴും യുഡിഎഫ് എംഎല്‍എയാണ്. താല്‍ക്കാലികമായ നടപടി മാത്രമാണ് സസ്‌പെന്‍ഷന്‍. ഒരു നിശ്ചിത കാലയളവിലേക്കുള്ള നടപടിയാണ് അത്. പുറത്താക്കുകയാണെങ്കില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അദ്ദേഹവുമായി ബന്ധപ്പെടില്ല. സസ്‌പെന്‍ഷനില്‍ ആയതുകൊണ്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ ചര്‍ച്ചകളിലൊന്നും അദ്ദേഹത്തെ പങ്കെടുപ്പിച്ചിട്ടില്ലല്ലോ. നിയമത്തിന്റെ മുന്നില്‍ അദ്ദേഹം തെറ്റു ചെയ്തതായി എന്തെങ്കിലും രേഖ കാണിക്കാന്‍ പറ്റുമോ?,' ശ്രീകണ്ഠന്‍ മാധ്യമങ്ങളോടു പറഞ്ഞു.