ഭര്‍ത്താവുമായുള്ള കുടുംബപ്രശ്‌നമല്ലെന്ന് ജീജി മാരിയോ
'ഫിലോകാലിയ' എന്ന പേരില്‍ ട്രസ്റ്റ് നിലവിലുള്ളപ്പോള്‍ അതേപേരില്‍ കമ്പനി ആക്ട് അനുസരിച്ച് മാരിയോ ജോസഫ് പ്രത്യേക സ്ഥാപനം തുടങ്ങിയതാണ് പ്രശ്‌നങ്ങള്‍ക്കു കാരണമെന്ന് ജീജി മാരിയോ പറയുന്നു
ഇന്‍ഫ്‌ളുവന്‍സര്‍ ദമ്പതികളായ മാരിയോ ജോസഫും ജീജി മാരിയോയും തമ്മിലുള്ള തര്‍ക്കത്തില്‍ വെളിപ്പെടുത്തലുമായി ഭാര്യ ജീജി മാരിയോ. പ്രഫഷണല്‍ പ്രശ്‌നങ്ങള്‍ മാത്രമാണ് തങ്ങള്‍ക്കിടയിലുള്ളതെന്നും കുടുംബപ്രശ്‌നമല്ലെന്നും ജീജി മാരിയോ മനോരമ ന്യൂസിനോടു പറഞ്ഞു.
'ഫിലോകാലിയ' എന്ന പേരില്‍ ട്രസ്റ്റ് നിലവിലുള്ളപ്പോള്‍ അതേപേരില്‍ കമ്പനി ആക്ട് അനുസരിച്ച് മാരിയോ ജോസഫ് പ്രത്യേക സ്ഥാപനം തുടങ്ങിയതാണ് പ്രശ്‌നങ്ങള്‍ക്കു കാരണമെന്ന് ജീജി മാരിയോ പറയുന്നു. ഇക്കാര്യം ചോദ്യം ചെയ്തതോടെയാണ് പ്രശ്‌നങ്ങള്‍ വഷളായത്. 'ഫിലോകാലിയ' ട്രസ്റ്റില്‍ ബോര്‍ഡ് അംഗങ്ങള്‍ക്കു ശമ്പളമില്ല. എന്നാല്‍ പുതിയതായി തുടങ്ങിയ കമ്പനിയില്‍ ബോര്‍ഡ് അംഗങ്ങള്‍ കമ്പനി ആക്ട് പ്രകാരം വലിയ തുക ശമ്പളമായി വാങ്ങുന്നതായും ജീജി മാരിയോ ആരോപിച്ചു.
ധ്യാനവേദികളില്‍ സ്ഥിരം സാന്നിധ്യങ്ങളായ മാരിയോ ജോസഫും ജീജിയും തര്‍ക്കങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ഒന്‍പത് മാസമായി അകന്നുകഴിയുകയാണ്. ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ സംസാരിച്ചു തീര്‍ക്കുന്നതിനിടെയാണ് കഴിഞ്ഞ മാസം 25ന് സംഘര്‍ഷമുണ്ടായത്. തര്‍ക്കത്തിനിടെ മാരിയോ ജിജിയുടെ തലയ്ക്ക് സെറ്റ്-ടോപ്പ് ബോക്‌സ് കൊണ്ട് അടിച്ചെന്ന പരാതിയില്‍ കേസെടുത്തിട്ടുണ്ട്. കുറ്റം തെളിഞ്ഞാല്‍ ഒരു മാസം തടവോ അയ്യായിരം രൂപ വരെ പിഴയോ ശിക്ഷ ലഭിച്ചേക്കാം.