അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച സ്ത്രീക്ക് കാര്‍ഡിയാക് പ്രശ്‌നം, കുഞ്ഞിന് പ്രതിരോധ ശേഷി കുറവ്; ചികിത്സയിലുള്ളത് 10പേര്‍
അതേസമയം മരണപ്പെട്ട മൂന്നുമാസം പ്രായമുള്ള കുഞ്ഞിന് പ്രതിരോധശേഷി കുറവ് എന്നാണ് ചികിത്സയില്‍ മനസ്സിലായതെന്നും അദ്ദേഹം പറഞ്ഞു.
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച സ്ത്രീക്ക് കാര്‍ഡിയാക് പ്രശ്‌നവും ഉണ്ടായിരുന്നതായി കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ സജിത് കുമാര്‍ പറഞ്ഞു. അതേസമയം മരണപ്പെട്ട മൂന്നുമാസം പ്രായമുള്ള കുഞ്ഞിന് പ്രതിരോധശേഷി കുറവ് എന്നാണ് ചികിത്സയില്‍ മനസ്സിലായതെന്നും അദ്ദേഹം പറഞ്ഞു. രണ്ടുപേരും വെന്റിലേറ്റര്‍ സഹായത്തിലായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്.
രണ്ടുപേരുടെയും തലച്ചോറിനെ ബാധിച്ചത് നെഗ്ലീറിയ വിഭാഗത്തില്‍പ്പെട്ട അമീബയാണ്. മികച്ച ചികിത്സയാണ് നല്‍കിയത്. നിലവില്‍ മെഡിക്കല്‍ കോളേജില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ ഉള്ളത് 10 പേരാണ്. ഇവരും മറ്റു ഗുരുതര രോഗങ്ങള്‍ ഉള്ളവരാണെന്ന് ഡോക്ടര്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് രണ്ടുമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മൂന്നുമാസം പ്രായമുള്ള കുഞ്ഞ് ഒരു മാസമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി 11 മണിയോടെയാണ് കുട്ടിയുടെ മരണം സംഭവിച്ചത്. വീട്ടിലെ കിണര്‍ വെള്ളമാണ് രോഗകാരണമായ ജലസ്രോതസ്സ് എന്ന് അധികൃതര്‍ പറയുന്നു.
മരണപ്പെട്ട മറ്റൊരാള്‍ മലപ്പുറം കാപ്പില്‍ സ്വദേശിയായ 52 കാരിയാണ്. ഇവരെ മെഡിക്കല്‍ കോളേജില്‍ അഞ്ചാം തീയതിയാണ് പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കെ മരണപ്പെട്ടു. ഇവര്‍ക്ക് രോഗം ബാധിച്ചത് വീടിനു സമീപത്തെ കുളത്തില്‍ നിന്നാണെന്നാണ് പറയുന്നത്.