Select Your Language

Notifications

webdunia
webdunia
webdunia
webdunia

മതമൗലികവാദികളുടെ എതിര്‍പ്പിനു പുല്ലുവില; 'സൂംബ' തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി, ത്രില്ലടിച്ച് കുട്ടികള്‍ (വീഡിയോ)

കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി സ്‌കൂളുകളില്‍ കായിക വിനോദ പരിപാടി തുടരുക തന്നെ ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി

Zumba, V Sivankutty, Zumba will continue in schools, Zumba LDF, V Sivankutty Minister, സൂംബ, വി.ശിവന്‍കുട്ടി, സൂംബ പരിശീലനം

രേണുക വേണു

Thiruvananthapuram , ശനി, 28 ജൂണ്‍ 2025 (13:32 IST)
V Sivankutty

സ്‌കൂളുകളില്‍ 'സൂംബ' പരിശീലനം നല്‍കുന്നതിനെതിരെ മതമൗലികവാദികള്‍ ഉയര്‍ത്തിയ എതിര്‍പ്പിനു വഴങ്ങാതെ സംസ്ഥാന സര്‍ക്കാര്‍. ഇത്തരം എതിര്‍പ്പുകള്‍ ലഹരിയെക്കാള്‍ മാരകമായ വിഷം സമൂഹത്തില്‍ കലര്‍ത്തുകയും വിദ്യാഭ്യാസ മേഖലയെ മെച്ചപ്പെടുത്തുന്നതിനു പകരം വര്‍ഗീയതയ്ക്കും വിഭാഗീയതയ്ക്കും വളം നല്‍കുകയുമാണ് ചെയ്യുകയെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. 
 
സ്‌കൂളില്‍ നടത്തുന്ന 'സൂംബ' ലഘുവ്യായാമം ആണ്. യൂണിഫോമില്‍ ആണ് കുട്ടികള്‍ 'സൂംബ' ചെയ്യുന്നത്. കുട്ടികളോടു അല്‍പ്പവസ്ത്രം ധരിക്കണമെന്ന് ആരും പറഞ്ഞിട്ടില്ല. RTE പ്രകാരം സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന പഠന പ്രക്രിയകള്‍ക്കു കുട്ടികള്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നും മന്ത്രി പറഞ്ഞു. കോട്ടയ്ക്കല്‍ ചങ്കുവെച്ചി പി.എം.എസ്.എ.പി.ടി.എം എല്‍പി സ്‌കൂളിലെ കുട്ടികളുടെ സൂംബ പരിശീലന ദൃശ്യങ്ങളും മന്ത്രി പങ്കുവെച്ചു. ഈ വീഡിയോയില്‍ കുട്ടികള്‍ വളരെ ആസ്വദിച്ചും സന്തോഷത്തോടെയും സൂംബ ചെയ്യുന്നത് കാണാം. കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി സ്‌കൂളുകളില്‍ കായിക വിനോദ പരിപാടി തുടരുക തന്നെ ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി. 
 


അതേസമയം സ്‌കൂളുകളിലെ സൂംബാ പരിശീലനത്തിനെതിരെ മുസ്ലിം ലീഗ് അടക്കമുള്ള സാമുദായിക സംഘടനകളാണ് രംഗത്തെത്തിയത്. ആണും പെണ്ണും കൂടിക്കലര്‍ന്നു അല്‍പ്പവസ്ത്രം ധരിച്ച് മ്യൂസിക്കിന്റെ താളത്തില്‍ തുള്ളുന്ന സംസ്‌കാരം പഠിക്കാന്‍ വേണ്ടിയല്ല കുട്ടികളെ സ്‌കൂളില്‍ വിടുന്നതെന്നാണ് അധ്യാപകനും വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറിയുമായ ടി.കെ.അഷ്റഫ് പറഞ്ഞത്. സ്‌കൂളുകളില്‍ സൂംബാ കൊണ്ടുവരുന്നതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ് വിമര്‍ശിച്ചിരുന്നു. എന്നാല്‍ മുസ്ലിം സംഘടനകളുടെ എതിര്‍പ്പ് വകവയ്ക്കാതെ സൂംബാ പരിശീലനവുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ തീരുമാനം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കണ്ണൂരില്‍ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു; വാക്‌സിനെടുത്തിട്ടും ഫലം ഉണ്ടായില്ല