ആന്ധ്രയിൽ വോട്ടെടുപ്പിനിടെ സംഘർഷം; ടിഡിപി പ്രവർത്തകൻ പോളിംഗ് ബൂത്ത് അടിച്ചു തകർത്തു, നേതാവിന് കുത്തേറ്റു
ജനങ്ങളെ വോട്ട് ചെയ്യാൻ ടിഡിപി പ്രവർത്തകർ അനുവദിക്കുന്നില്ലെന്ന ആരോപണവുമായി വൈഎസ്ആർ കോൺഗ്രസ് നേരത്തെ രംഗത്തു വന്നിരുന്നു.
പൊതുതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനിടെ ആന്ധ്രപ്രദേശിലെ ഗുണ്ടൂരിൽ സംഘർഷം. ടിഡിപി-വൈഎസ്ആർ കോൺഗ്രസ് പ്രവർത്തകർ തമ്മിലാണ് ഏറ്റുമുട്ടിയത്. ടിഡിപി പ്രവർത്തകർ പോളിംഗ് ബൂത്ത് അടിച്ചു തകർത്തു.
വെസ്റ്റ് ഗോദാവരിയിൽ സംഘർഷത്തിൽ ഒരു വൈഎസ്ആർ കോൺഗ്രസ് പ്രവർത്തകന് കുത്തേറ്റു. പോളിംഗ് സ്റ്റേഷന് പുറത്തുവച്ചുണ്ടായ സംഘർഷത്തിൽ വൈഎസ്ആർ കോൺഗ്രസ് നേതാവ് മട്ട രാജുവാണ് ആക്രമിക്കപ്പെട്ടത്.
ജനങ്ങളെ വോട്ട് ചെയ്യാൻ ടിഡിപി പ്രവർത്തകർ അനുവദിക്കുന്നില്ലെന്ന ആരോപണവുമായി വൈഎസ്ആർ കോൺഗ്രസ് നേരത്തെ രംഗത്തു വന്നിരുന്നു. രാവിലെ ജനസേന നേതാവ് വോട്ടിംഗ് യത്രം തകർത്തതിന്റെ ദൃശൃങ്ങൾ പുറത്തു വന്നിരുന്നു.
അതേസമയം വൈഎസ്ആർ കോൺഗ്രസ് അധ്യക്ഷൻ ജഗൻമോഹൻ റെഡ്ഡി രാവിലെ കഡപ്പയിൽ വോട്ട് രേഖപ്പെടുത്തി. ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു എന്ന ഉറച്ച വിശ്വാസമുണ്ടെന്ന് വോട്ട് ചെയ്ത ശേഷം അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.