അമേഠിയും വയനാടും പിടിച്ചടക്കാൻ രാഹുൽ ഗാന്ധി; കെ പി സി സിയുടെ ആവശ്യം ഹൈക്കമാൻഡ് അംഗീകരിച്ചു, പ്രഖ്യാപനം ഉടൻ
ഔദ്യോഗിക പ്രഖ്യാപനം രണ്ട് മണിക്ക് എഐസിസിസിയുടെ ഭാഗത്ത് നിന്നുണ്ടാവും.
കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് മല്‍സരിക്കണമെന്ന ആവശ്യം ഹൈക്കമാന്റ് അംഗീകരിച്ചതായി സൂചന. ഔദ്യോഗിക പ്രഖ്യാപനം രണ്ട് മണിക്ക് എഐസിസിസിയുടെ ഭാഗത്ത് നിന്നുണ്ടാവും. രാഹുല്‍ ഗാന്ധി വയനാട് ലോക്‌സഭാ സീറ്റില്‍ മത്സരിക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ടിരുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒന്നില്‍ നിന്ന് രാഹുല്‍ ഗാന്ധി മല്‍സരിക്കണമെന്ന ആവശ്യം കര്‍ണാടകവും കേരളവും മുന്നോട്ടുവെച്ചിരുന്നു.
വയനാട്ടില്‍ മത്സരിക്കണമെന്ന് കെപിസിസി രാഹുലിനോട് ആവശ്യപ്പെട്ടെന്ന് മുതിര്‍ന്ന നേതാവ് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. ഇക്കാര്യം രാഹുല്‍ പരിഗണിക്കുകയാണ്. അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നു. മറുപടിക്കായി കാത്തിരിക്കുകയാണ്. സിദ്ദിഖിനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ഗാന്ധി വയനാട്ടില്‍ വന്നാല്‍ പിന്മാറാമെന്ന് ടി സിദ്ദിഖും വ്യക്തമാക്കിയിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഉച്ചയ്ക്ക് രണ്ട് മണിയോടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും.
രാഹുല്‍ ഗാന്ധി മത്സരിക്കണമെന്ന ആവശ്യം മുന്‍പേ മുന്നോട്ടുവെച്ചതാണെന്നും വീണ്ടും അത് ആവര്‍ത്തിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിക്കണം. എകെ ആന്റണി, മുകുള്‍ വാസ്‌നിക്, കെസി വേണുഗോപാല്‍ എന്നീ മൂന്നുപേരോടും ഇക്കാര്യം ഇന്നും ആവശ്യപ്പെട്ടു. ടി സിദ്ദിഖുമായി സംസാരിച്ചിരുന്നു. അദ്ദേഹത്തിനും അത് തന്നെയാണ് അഭിപ്രായം. വയനാട് ഡിസിസി പ്രസിഡന്റ് ഐ സി ബാലകൃഷ്ണനും കെപിസിസി പ്രസിഡന്റും ഇതേ അഭിപ്രായമാണ് പ്രകടിപ്പിക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.