രാഹുൽ കേരളത്തിൽ ഇന്നെത്തും,പത്രിക സമർപ്പണം നാളെ,റോഡ് ഷോ നടത്തും; ചരിത്ര സംഭവമാക്കാൻ കോൺഗ്രസ്
രാഹുലിനൊപ്പം പ്രിയങ്കുയും എത്തുമെന്നാണ് റിപ്പോർട്ടുകൾ.
ദേശീയ ശ്രദ്ധ ആകർഷിച്ച വയനാട്ടിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കംകുറിക്കാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്നെത്തും. ഇന്നു രാത്രി കോഴിക്കോട്ടെത്തുന്ന അദ്ദേഹം നാളെ രാവിലെ 11.30ന് കളക്ടറുടെ ചേംബറിലെത്തി പത്രിക നൽകും. രാഹുലിനൊപ്പം പ്രിയങ്കുയും എത്തുമെന്നാണ് റിപ്പോർട്ടുകൾ.
നാളെ രാവിലെ കൽപ്പറ്റ എസ്കെഎംജെ സ്കൂൾ ഗ്രൗണ്ടിൽ ഹെലികോപ്ടറിൽ ഇറങ്ങുന്ന രാഹുൽ കൽപ്പറ്റ പഴയ ബസ് സ്റ്റാന്റ് മുതൽ കലക്ടറേറ്റ് പരിസരം വരെ രണ്ട് കിലോമീറ്റർ റോഡ് ഷോ നടത്തും. റോഡിന് ഇരുവശത്തുമുള്ള പ്രവർത്തകർക്ക് അഭിവാദ്യമർപ്പിച്ച് അദ്ദേഹം നാമനിർദേശ പത്രിക സമർപ്പിക്കാൻ നീങ്ങും.
രാഹുൽ ഗാന്ധിയുടെ വരവിന് മുന്നോടിയായി എഐസിസി ജനറൽ സെക്രട്ടറിമാരായ മുകുൾ വാസ്നിക്, കെ സി വേണുഗോപാൽ എന്നിവർ കോഴിക്കോടെത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻ ചാണ്ടി എന്നിവരുമായി ഇവർ ചർച്ച നടത്തി. വയനാട്, കോഴിക്കോട്, മലപ്പുറം ഡിസിസി അധ്യക്ഷന്മാരുമായി രാവിലെ നേതാക്കൾ കൂടിക്കാഴ്ച നടത്തും. രാഹുൽ ഗാന്ധിയുടെ റോഡ് അടക്കമുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ചയാകും.
അതേസമയം, കോൺഗ്രസ് അധ്യക്ഷന്റെ സന്ദർശനത്തിന്റെ ഭാഗമായി കനത്ത സുരക്ഷയാണ് കോഴിക്കോട്, വയനാട് ജില്ലകളിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. കൽപ്പറ്റ പുതിയ ബസ്റ്റാൻഡ് പരിസരത്തു നിന്നായിരിക്കും വയനാട്ടിൽ രാഹുൽ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും റോഡ് ഷോ ആരംഭിക്കുക. ഇതിന്റെ ഭാഗമായി റോഡിന് ഇരുവശവും ബാരിക്കേഡുകൾ സ്ഥാപിക്കുന്നതുൾപ്പെടെയുള്ള നടപടികൾ ഇന്ന് വൈകീട്ടോടെ പുർത്തിയാവുമെന്നാണ് റിപ്പോർട്ടുകൾ.
ഇന്ന് രാത്രി എട്ട് മണിയോടെ രാഹുൽ ഗാന്ധി കരിപ്പൂരിൽ വിമാനം ഇറങ്ങുക. ഇന്ന് കോഴിക്കോട് ഗസ്റ്റ് ഹൗസിൽ തങ്ങുന്ന അദ്ദേഹം നാളെ രാവിലെ 9 മണിയോടെ വയനാട്ടിലേക്ക് തിരിക്കും. വെസ്റ്റ് ഹില്ലിലെ വിക്രം മൈതാനിയിൽ നിന്ന് ഹെലികോപ്റ്റർ മാർഗ്ഗമാണ് കൽപറ്റയിലേക്ക് പോകുക.