സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയിലെ ചിത്തിര ആട്ട പൂജാ ദിവസം ദർശനത്തിനെത്തിയ സ്ത്രീയെ ആക്രമിച്ച കേസില്‍ കോഴിക്കോട് ബിജെപി സ്ഥാനാര്‍ത്ഥി യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കെപി പ്രകാശ് ബാബുവിനെ അറസ്റ്റ് ചെയ്തു 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
റാന്നി ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടേതാണ് ഉത്തരവ്. വധശ്രമവും ഗൂഢാലോചനയും ഉള്‍പ്പടെയുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. സംഭവത്തിൽ വെട്ടിലായിരിക്കുകയാണ് ബിജെപി. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നിന്ന സ്ഥാനാർത്ഥിക്ക് തന്നെ ഇത്തരമൊരു അവസ്ഥ വന്നതിൽ എന്തുചെയ്യണമെന്ന് അറിയാതെ കുഴയുകയാണ് ബിജെപി.
തീര്‍ഥാടകയെ ആക്രമിച്ച കേസില്‍ ബി.ജെ.പി-സംഘ്പരിവാര്‍ നേതാക്കളായ കെ.സുരേന്ദ്രന്‍, വത്സന്‍ തില്ലങ്കേരി,ആര്‍.രാജേഷ്, വി.വി രാജേഷ് എന്നിവരും പ്രതികളാണ്. ശബരിമല സ്ത്രി പ്രവേശന വിധിക്കെതിരെ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് പ്രകാശ് ബാബുവിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ചിത്തിര ആട്ട വിശേഷത്തിനിടെ സ്ത്രീയെ തടഞ്ഞതടക്കം എട്ട് കേസുകളാണ് പ്രകാശ് ബാബുവിനെതിരെയുള്ളത്.
തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനായി വിവിധ കേസുകളില്‍ ജാമ്യം എടുക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി കോടതിയിലെത്തിയ പ്രകാശ്ബാബുവിന്റെ ജാമ്യം റാന്നി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളുകയായിരുന്നു.