ഭാര്യയുടെ ഘാതകനായി മമ്മൂട്ടി, ഒരു പ്രതികാരകഥ

ശനി, 20 ജനുവരി 2018 (21:50 IST)
പോസിറ്റീവ് കഥാപാത്രങ്ങളെ മാത്രമല്ല മമ്മൂട്ടി തന്‍റെ കരിയറില്‍ അവതരിപ്പിച്ചിട്ടുള്ളത്. വില്ലന്‍ സ്വഭാവമുള്ള കുറേ കഥാപാത്രങ്ങളെ മമ്മൂട്ടി ചെയ്തിട്ടുണ്ട്. അവയൊക്കെയും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഭാര്യയുടെ കൊലയാളിയായ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മമ്മൂട്ടി മടിക്കേണ്ടതില്ലല്ലോ. 
 
ഭാര്യയുടെ കൊലയാളിയാണ് രവിവര്‍മ. ഭാര്യ കൊല്ലപ്പെടുന്നതിന് മുമ്പ് അവളെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചവനാണ് അയാള്‍. അയാള്‍ക്ക് അവള്‍ നല്ലൊരു മോഡല്‍ മാത്രമായിരുന്നു. ‘നിറക്കൂട്ട്’ എന്ന സിനിമയില്‍ പൂര്‍ണമായും ഒരു നെഗറ്റീവ് കഥാപാത്രമായിരുന്നു മമ്മൂട്ടി അവതരിപ്പിച്ച രവിവര്‍മ. എന്നിട്ടും ആ സിനിമയെ കുടുംബപ്രേക്ഷകര്‍ നെഞ്ചിലേറ്റി.
 
1985ലാണ് നിറക്കൂട്ട് പ്രദര്‍ശനത്തിനെത്തുന്നത്. സുന്ദരനായ മമ്മൂട്ടി മലയാള സിനിമയിലെ ഏറ്റവും വലിയ വാണിജ്യഘടകമായിരുന്ന കാലത്ത് വിരൂപനായ മമ്മൂട്ടിയെ അവതരിപ്പിച്ചതാണ് നിറക്കൂട്ടിന്‍റെ ഏറ്റവും വലിയ പ്രത്യേകത. ഡെന്നിസ് ജോസഫായിരുന്നു ഈ സിനിമയുടെ തിരക്കഥ രചിച്ചത്. 
 
ഒരു കൊമേഴ്സ്യല്‍ സിനിമയ്ക്ക് വേണ്ട എല്ലാ ഘടകങ്ങളും ജോഷി - ഡെന്നിസ് ജോസഫ് ടീം ഒരുക്കിയിരുന്നു. മാധ്യമലോകത്തിന്‍റെ പശ്ചാത്തലവും ജയിലും പ്രതികാരവും എല്ലാം കൃത്യ അളവില്‍ ചേര്‍ത്ത് ഒരു വന്‍ ഹിറ്റ് സൃഷ്ടിക്കുകയായിരുന്നു ജോഷി. 
 
പ്രധാന കേന്ദ്രങ്ങളില്‍ നിറക്കൂട്ട് 250 ദിവസത്തിലേറെ പ്രദര്‍ശിപ്പിച്ചു. മമ്മൂട്ടിക്ക് ഏറെ പുരസ്കാരങ്ങള്‍ നേടിക്കൊടുത്ത നിറക്കൂട്ടിന്‍റെ സംഗീത സംവിധാനം ശ്യാം ആയിരുന്നു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം പൃഥ്വിരാജ് ഭീരുവല്ല, ആര്‍എസ്എസിനെ ഭയന്ന് പിന്‍‌മാറില്ല; തുറന്നടിച്ച് ടോവിനോ