ഒരുകാലത്ത് ശാലിനി തെന്നിന്ത്യയിൽ ഉണ്ടാക്കിയ ഓളം മറ്റൊരു നായികയ്ക്കും നേടിയെടുക്കാൻ സാധിച്ചിട്ടില്ല. ബാലതാരമായിട്ടാണ് ശാലിനി കരിയര്‍ ആരംഭിക്കുന്നത്. ശാലിനിയുടെ പാതയിലൂടെ സഹോദരി ശ്യാമിലിയും ബാലതാരമായി സിനിമയിലെത്തി. തിരക്കുള്ള ബേബി ശാലിനിയുടെ കരിയറിലെ വളര്‍ച്ചയ്‌ക്കെല്ലാം കാരണം അച്ഛന്‍ ബാബുവിന്റെ പിന്തുണയും ത്യാഗവുമായിരുന്നു.
ശാലിനിയുടെ പിതാവിനെക്കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയായി മാറുകയാണ്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്:
കുഞ്ചാക്കോ ബോബന്റെ പിതാവ് ബോബന്‍ കുഞ്ചാക്കോ വളരെ പശ്ചാത്താപത്തോടെ പറഞ്ഞൊരു കാര്യം എനിക്ക് ഓര്‍മ വരികയാണ്. മകളുടെ തിരക്കു കാരണം പിതാവിന് നേരിടേണ്ടി വന്ന സങ്കടകഥയാണ് അത്. ബോബന്‍ കുഞ്ചാക്കോ സംവിധാനം ചെയ്ത ആഴി എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനായി ബേബി ശാലിനിയുടെ ഡേറ്റ് വാങ്ങിയിരുന്നു. അത് പ്രകാരം ഷൂട്ടിങ് ചാര്‍ട്ട് ചെയ്തു. ഷൂട്ടിങ് ആരംഭിച്ചപ്പോള്‍ ബേബി ശാലിനി എത്തേണ്ട ദിവസം എത്തിയില്ല. അന്നത്തെ ഷൂട്ടിങ് മുടങ്ങി.
അടുത്ത ദിവസം എത്താമെന്ന് ഏറ്റുവെങ്കിലും അന്നും എത്തിയില്ല. ആ ദിവസവും ഷൂട്ടിങ് മുടങ്ങി. മൂന്നാമത്തെ ദിവസം എറണാകുളം കായലിന്റെ അടുത്തുള്ള സുഭാഷ് പാര്‍ക്കിലായിരുന്നു ഷൂട്ടിങ്. ശാലിനിയുമായി ബാബു എത്തി. കായലിന്റെ തിട്ടയില്‍ നിന്നിരുന്ന ബോബച്ചന്റെ അടുത്തേക്ക് ബാബു ചെന്നു. രണ്ട് ദിവസം ഷൂട്ടിങ് മുടങ്ങിയതിന്റെ ദേഷ്യത്തിലായിരുന്നു ബോബച്ചന്‍. തനിക്ക് എത്താന്‍ കഴിയാത്തതിന്റെ കാരണങ്ങള്‍ പറഞ്ഞ് മുഴുവിപ്പിക്കാന്‍ സമ്മതിക്കാതെ ബാബുവിന്റെ കരണം നോക്കി ഒരൊറ്റ അടിയായിരുന്നു ബോബച്ചന്‍.
അടി കൊണ്ട ബാബു കായലിലേക്ക് വീണു. നിലയില്ലാതെ കയ്യും കാലുമിട്ട് അടിക്കുന്ന ബാബുവിനെ കണ്ട് ഭയന്ന ബേബി ശാലിനി നിലവിളിച്ചു കരഞ്ഞു. ഓടിയെത്തിയ യൂണിറ്റുകാര്‍ അദ്ദേഹത്തെ രക്ഷിച്ച് കരയ്ക്ക് എത്തിച്ചു. അന്നത്തെ ഷൂട്ടിങും മുടങ്ങി. പിന്നീട് എല്ലാവരും ഇടപെട്ട് പ്രശ്‌നങ്ങള്‍ പരിഹരിച്ചു. ഇതിവിടെ പറയാന്‍ കാരണം ആരേയും ആക്ഷേപിക്കാനല്ല, തന്റെ മകളുടെ ഉയര്‍ച്ചയ്ക്കായി ഒരു പിതാവ് സഹിച്ച ത്യാഗത്തെ ചൂണ്ടിക്കാണിക്കാനാണ്.