മമ്മൂട്ടിക്ക് മാത്രം സാധിക്കുന്നത്, റെക്കോർഡുകളെ നിഷ്പ്രഭമാക്കിയ മമ്മൂട്ടി ചിത്രങ്ങൾ!
മമ്മൂട്ടി ചിത്രങ്ങൾ തകർത്ത റെക്കോർഡുകൾ!
മമ്മൂട്ടി ചിത്രങ്ങൾക്ക് അന്നും ഇന്നും പ്രത്യേക സ്വീകാര്യതയാണ് മലയാളി കുടുംബപ്രേക്ഷകർ നൽകുന്നത്. കുടുംബത്തോട് ചേർന്ന് നിൽക്കുന്ന സിനിമകൾ എന്നും മലയാളികൾക്ക് നൽകിയ നടനാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ കണ്ണൊന്ന് നിറഞ്ഞാൽ കണ്ടിരിക്കുന്നവരുടേയും നെഞ്ചൊന്ന് പിടയും. മമ്മൂട്ടി എന്ന വലിയ നടൻ ഉണ്ടാക്കിയ റെക്കോർഡുകൾ ഏതെല്ലാമാണെന്ന് നോക്കാം.
ആ രാത്രി:
1983ലാണ് മമ്മൂട്ടി നായകനായ ‘ആ രാത്രി’ റിലീസ് ആകുന്നത്. കലൂര്‍ ഡെന്നിസായിരുന്നു തിരക്കഥ. പൂര്‍ണിമ ജയറാമായിരുന്നു ആ രാത്രിയിലെ നായിക. സിനിമ സാമ്പത്തികമായി വിജയിച്ചു. ഭാര്യയോട് വില്ലന്‍ ചെയ്യുന്ന ക്രൂരതയ്ക്ക് ഭര്‍ത്താവ് പകരം ചോദിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ഒരു കോടി രൂപ ഗ്രോസ് നേട്ടം ലഭിച്ച ആദ്യ മലയാള ചിത്രമായിരുന്നു ഇത്.
ന്യൂ ഡൽഹി:
1987ലാണ് ചിത്രം പുറത്തിറങ്ങുന്നത്. കേരളത്തിനകത്തും പുറത്തുമായി 250 ദിവസത്തിലധികം പ്രദര്‍ശനം നടത്തി. ഉള്ളില്‍ ആളിക്കത്തുന്ന പ്രതികാരം വീട്ടാന്‍ ഒരു കാര്‍ട്ടൂണിസ്റ്റ് ക്രൂരനായി മാറി കൊലപാതക പരമ്പരകള്‍ സൃഷ്ടിയ്ക്കുന്നതാണ് ഡെന്നീസ് ജോസഫ് തിരക്കഥ എഴുതി ജോഷി സംവിധാനം ചെയ്ത ന്യൂഡല്‍ഹിയുടെ കഥ. ഒരു കോടി രൂപ പ്രൊഡ്യൂസേഴ്സ് ഷെയർ വന്ന ആദ്യ ചിത്രമാണിത്.
ഒരു സി ബിഐ ഡയറിക്കുറിപ്പ്:
ഒരു പക്ഷേ ഇപ്പോഴും മറ്റാർക്കും തകർക്കപ്പെടാൻ കഴിയാത്ത റെക്കോർഡ് ആണ് ഈ ചിത്രം ഉണ്ടാക്കിയത്. കെ മധു - എസ് എൻ സ്വാമി കൂട്ടുകെട്ടിൽ പിറന്ന ചിത്രം ബ്ലോക്ക്ബസ്റ്റർ ആയിരുന്നു. ചെന്നൈ സഫയർ തിയേറ്ററിൽ 300 ലധികം ദിവസം ചിത്രം പ്രദർശിപ്പിച്ചു.
രാജമാണിക്യം:
ബെല്ലാരി രാജയായി മമ്മൂട്ടി തകർത്തഭിനയിച്ച പടം. അതുവരെ കണ്ടതിൽ നിന്നും വളരെ വ്യത്യസ്തമായ കഥാപാത്രമായിരുന്നു രാജമാണിക്യം. അൻവർ റഷീദിന്റെ ആദ്യ ചിത്രം. മലയാള സിനിമ ചരിത്രത്തിലെ അന്നു വരെ ഉണ്ടായിരുന്ന എല്ലാ റെക്കോർഡുകളും തകർത്തെറിഞ്ഞ പടമാണിത്.
അണ്ണൻ തമ്പി:
അൻവർ റഷീദ് സംവിധാനം ചെയ്ത് 2008ൽ പുറത്തിറങ്ങിയ ചിത്രമാണ് അണ്ണൻ തമ്പി. അതുവരെ വേൾഡ് വൈഡ് റിലീസ് സ്വപ്നം മാത്രമായിരുന്ന മലയാള സിനിമയ്ക്ക് ഇന്ത്യയ്ക്കകത്തും പുറത്തും റിലീസ് ചെയ്ത ആദ്യ മലയാള ചിത്രമായി അണ്ണൻ തമ്പി മാറി.
പരുന്ത്:
വൻ പ്രതീക്ഷയിൽ വന്ന മമ്മൂട്ടി ചിത്രങ്ങളിൽ ഒന്നാണ് പരുന്ത്. രാത്രി 12 മണിക്ക് ഫാൻസ് ഷോ നടത്തുന്ന ആദ്യ മലയാള ചിത്രമായിരുന്നു പരുന്ത്. വൻ സ്വീകരണമായിരുന്നു റിലീസ് ദിവസം ചിത്രത്തിന് ലഭിച്ചത്.
കേരളവർമ പഴശിരാജ:
മലയാള സിനിമയിലെ ആദ്യത്തെ വലിയ റിലീസ് ആയിരുന്നു ഈ ചിത്രം. ബോക്സ് ഓഫീസ് ചരിത്രത്തിൽ ആദ്യമായി 1.5 കോടി നേടിയ ആദ്യപടമായി പഴശിരാജ മാറി. എം ടിയുടെ തിരക്കഥയിൽ ഹരിഹരനാണ് ചിത്രം സംവിധാനം ചെയ്തത്.