'ഓപ്പറേഷന്‍ സിന്ദൂറി'നു പകരമായി 'ഓപ്പറേഷന്‍ ബുന്‍യാനു മര്‍സൂസ്'; കലിയടങ്ങാതെ പാക്കിസ്ഥാന്‍, തിരിച്ചടിക്കാന്‍ ഇന്ത്യ
ഇന്ന് പുലര്‍ച്ചെ പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് കടുത്ത പ്രകോപനം ഉണ്ടായി
ഇന്ത്യ - പാക്കിസ്ഥാന്‍ ബന്ധം കൂടുതല്‍ വഷളാകുന്നു. പാക്കിസ്ഥാന്‍ ഇന്ത്യക്കെതിരെ സൈനിക നീക്കം പ്രഖ്യാപിച്ചു. ഇന്ത്യയെ ആക്രമിക്കാന്‍ പാക്കിസ്ഥാന്‍ നടത്താന്‍ പോകുന്ന ഓപ്പറേഷനു 'ബുന്‍യാനു മര്‍സൂസ്' എന്നാണ് പേരിട്ടിരിക്കുന്നത് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഖുറാനില്‍ നിന്നുള്ള വാക്കാണിത്. 'തകര്‍ക്കാനാകാത്ത മതില്‍' എന്നാണ് ഈ വാക്കിനര്‍ഥം.
കശ്മീര്‍ അതിര്‍ത്തിയില്‍ ഇന്ത്യ - പാക് പോര്‍വിമാനങ്ങള്‍ പരസ്പരം ആക്രമണം നടത്തുന്നെന്നും (ഡോഗ് ഫൈറ്റ്) പാക്ക് വ്യോമസേനയുടെ രണ്ടു യുദ്ധവിമാനങ്ങള്‍ ഇന്ത്യ വെടിവച്ചിട്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇന്ന് പുലര്‍ച്ചെ പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് കടുത്ത പ്രകോപനം ഉണ്ടായി. ഇന്ത്യക്കെതിരെ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് പാക്കിസ്ഥാന്‍ ആക്രമണം നടത്തി. ഇതിനു തിരിച്ചടിയായി പാക്കിസ്ഥാന്റെ സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ പ്രത്യാക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ട്. സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ആക്രമണത്തിനു തിരിച്ചടി നല്‍കുമെന്നാണ് പാക്കിസ്ഥാന്റെ പ്രഖ്യാപനം. അതിനു പിന്നാലെയാണ് 'ഓപ്പറേഷന്‍ ബുന്‍യാനു മര്‍സൂസ്' പാക്കിസ്ഥാന്‍ പ്രഖ്യാപിച്ചത്.
പാക്കിസ്ഥാനിലെ റാവില്‍പിണ്ടിയിലുള്ള നുര്‍ ഖാന്‍, ചക്വാലിലെ മുറിദ്, ഝാങ്ങിലെ റഫീഖി വ്യോമതാവളങ്ങളില്‍ ആക്രമണമുണ്ടായെന്ന് പാക്കിസ്ഥാന്‍ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് പാക്കിസ്ഥാന്‍ വ്യോമപാത പൂര്‍ണമായി അടച്ചു.