പാക്കിസ്ഥാന്‍ പിടികൂടിയ ബിഎസ്എഫ് ജവാനെ വിട്ടയച്ചു; മോചിപ്പിച്ചത് 22ാം ദിവസം
അതിര്‍ത്തിയില്‍ ജോലി ചെയ്യുന്നതിനിടെ തണല്‍ തേടി മരച്ചുവട്ടില്‍ ഇരുന്നപ്പോഴാണ് ബിഎസ്എഫ് ജവാനെ പാക്കിസ്ഥാന്‍
പാക്കിസ്ഥാന്‍ പിടികൂടിയ ബി എസ് എഫ് ജവാന് മോചിപ്പിച്ചു. പിടികൂടി 22ാം ദിവസമാണ് ജവാനെ പാക്കിസ്ഥാന്‍ മോചിപ്പിക്കുന്നത്. പൂര്‍ണം കുമാര്‍ ഷാ ആയിരുന്നു പിടിയിലായത്. ഏപ്രില്‍ 23ന് പഞ്ചാബ് നിന്ന് അതിര്‍ത്തി കടന്നെന്നാരോപിച്ചാണ് പാകിസ്ഥാന്‍ ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. അതിര്‍ത്തിയില്‍ ജോലി ചെയ്യുന്നതിനിടെ തണല്‍ തേടി മരച്ചുവട്ടില്‍ ഇരുന്നപ്പോഴാണ് ബിഎസ്എഫ് ജവാനെ പാക്കിസ്ഥാന്‍ കസ്റ്റഡിയിലെടുത്തതെന്നാണു വിവരം.
ഇന്ന് രാവിലെ പത്തരയോടെ പ്രോട്ടോകോള്‍ പാലിച്ചാണ് ജവാനെ കൈമാറിയതെന്നാണ് വിവരം. വാഗ-അട്ടാരി അതിര്‍ത്തി വഴിയാണ് ഇദ്ദേഹത്തെ കടത്തിവിട്ടത്. പകല്‍കാം ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനെതിരെ ഇന്ത്യ കടുത്ത നടപടികളിലേക്ക് കടന്നപ്പോഴാണ് ഇദ്ദേഹം പാകിസ്താന്റെ പിടിയിലായത്. പാക് റേഞ്ചേഴ്‌സാണ് ഇദ്ദേഹത്തെ പിടികൂടിയത്. അതേസമയം വ്യാപാരബന്ധം അവസാനിപ്പിക്കുമെന്ന് പറഞ്ഞതോടെയാണ് ഇരു രാജ്യങ്ങളും വെടിനിര്‍ത്തല്‍ അംഗീകരിച്ചതെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ അവകാശവാദം തള്ളി ഇന്ത്യ. അമേരിക്കയുടെ ഇടപെടല്‍ മൂലമാണ് ഇന്ത്യ പാകിസ്ഥാന്‍ വെടി നിര്‍ത്തല്‍ യാഥാര്‍ത്ഥ്യമായതെന്നും ആണവയുദ്ധമാണ് ഒഴിവാക്കിയതെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.
അമേരിക്കയുമായുള്ള സംഭാഷണത്തില്‍ ഒരു ഘട്ടത്തില്‍ പോലും വ്യാപാരത്തെക്കുറിച്ച് പരാമര്‍ശം ഉണ്ടായില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. ഇപ്പോള്‍ വെടി നിര്‍ത്തിയില്ലെങ്കില്‍ വ്യാപാരം നിര്‍ത്തുമെന്ന് പറഞ്ഞെന്ന ട്രംപിന്റെ അവകാശവാദം തെറ്റാണെന്നും അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സുമായി വിദേശകാര്യ മന്ത്രി നടത്തിയ ചര്‍ച്ചകളില്‍ വ്യാപാരത്തെക്കുറിച്ച് ഒരു പരാമര്‍ശവും ഉണ്ടായിട്ടില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. വൈറ്റ് ഹൗസില്‍ നടന്ന പത്രസമ്മേളനത്തിലായിരുന്നു അമേരിക്കന്‍ പ്രസിഡന്റിന്റെ അവകാശവാദം.