'ഉള്ളതുകൊണ്ട് ഓണം ഉണ്ണൂ'; അധിക അരി വിഹിതം നല്‍കില്ല, കേന്ദ്രത്തിന്റെ വെട്ട് !
കേരളത്തില്‍ പണം കൊടുത്ത് അരി വാങ്ങാന്‍ കഴിവുള്ളവരുടെ എണ്ണം കൂടുതലാണെന്നാണ് സബ്‌സിഡി നിഷേധിച്ച് കേന്ദ്രം സ്വീകരിച്ച നിലപാട്
Narendra Modi and Pinarayi Vijayan
ഓണം ആഘോഷിക്കാന്‍ തയ്യാറെടുക്കുന്ന മലയാളികള്‍ക്ക് കേന്ദ്രത്തിന്റെ 'കടുംവെട്ട്'. ഓണത്തിനു അധിക അരിവിഹിതം അനുവദിക്കില്ലെന്ന് കേന്ദ്രം നിലപാടെടുത്തു.
ഓണം ആഘോഷിക്കാന്‍ കേരളത്തിനു അധിക അരിവിഹിതം അനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കേന്ദ്രം തള്ളി. കേരളത്തിനു സഹായം അനുവദിക്കാന്‍ കഴിയില്ലെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍.അനിലുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ കേന്ദ്ര ഭക്ഷ്യവിതരണ മന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു.
കേരളത്തില്‍ പണം കൊടുത്ത് അരി വാങ്ങാന്‍ കഴിവുള്ളവരുടെ എണ്ണം കൂടുതലാണെന്നാണ് സബ്‌സിഡി നിഷേധിച്ച് കേന്ദ്രം സ്വീകരിച്ച നിലപാട്. വേണമെങ്കില്‍ അധിക തുക നല്‍കി കേരളത്തിനു അരി വാങ്ങാമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. മുടങ്ങിക്കിടക്കുന്ന ഗോതമ്പ്, പഞ്ചസാര, മണ്ണെണ്ണ വിഹിതം കൃത്യമായി നല്‍കണമെന്ന് ഭക്ഷ്യമന്ത്രി ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം ചെവികൊണ്ടില്ല.
അതേസമയം ഓണക്കാലത്തു കേരളത്തിലെ ജനങ്ങളെ സര്‍ക്കാര്‍ കൈവിടില്ലെന്ന് മന്ത്രി ജി.ആര്‍.അനില്‍ വ്യക്തമാക്കി. മുന്‍ വര്‍ഷങ്ങളിലെ പോലെ വില നിയന്ത്രണത്തിനായി പൊതുവിപണിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടല്‍ നടത്തും.