ഡെറാഡൂണ്‍: വ്യാജ സൈബര്‍ അറസ്റ്റു വഴി രണ്ടര കോടി രൂപയോളം തട്ടിയെടുത്ത കേസില്‍ 19 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. സൈബര്‍ ക്രൈം വകുപ്പ് ഓഫീസര്‍ ചമഞ്ഞ് ഡെറാഡൂണ്‍ സ്വദേശിയായ നീരജ് ദട്ടിനെയാണ് രാജസ്ഥാനിലെ ജയ്പൂരില്‍ നിന്ന് പിടികൂടിയത്.
ഡെറാഡൂണിലെ നിരഞ്ജന്‍പൂര്‍ സ്വദേശിയില്‍ നിന്നാണ് പണം തട്ടിയെടുത്തത്. കഴിഞ്ഞ സപ്തംബര്‍ ഒമ്പതിന് അപരിചിതമായ നമ്പരില്‍ നിന്ന് തട്ടിപ്പിന് ഇരയായ ആള്‍ക്ക് ഒരു വാട്‌സ് ആപ് കാള്‍ വന്നതാണ് തട്ടിപ്പിനു തുടക്കമായത്. പോലീസ് ഡ്രസ് ധരിച്ച പ്രതി തട്ടിപ്പിനിരയായ ആളുടെ അക്കൗണ്ടില്‍ കള്ളപ്പണം ഉണ്ടെന്നും അതു വെളുപ്പിച്ചതിന് അറസ്റ്റ് വാറണ്ട് ഉണ്ടെന്നും ഇക്കാര്യം ആരോടും പറയരുതെന്നും പറഞ്ഞാല്‍ പിഴ അടക്കേണ്ടി വരും, ജയിലില്‍ പോകേണ്ടി വരും എന്നൊക്കെ പറഞ്ഞു ഭീഷണിപ്പെടുത്തി. പരിഭ്രമിച്ച നിരഞ്ജന്‍ പൂര്‍ സ്വദേശി തന്നെ രക്ഷിക്കണമെന്ന് പറഞ്ഞപ്പോള്‍ ഉന്നത ഉദ്യോഗസ്ഥനോട് സംസാരിക്കണമെന്നും പറഞ്ഞ ശേഷം നിങ്ങള്‍ ഇപ്പോള്‍ ഡിജിറ്റല്‍ അറസ്റ്റിലാണെന്നും നിങ്ങളുടെ അക്കൗണ്ട് ഞങ്ങളുടെ നിരീക്ഷണത്തിലാണെന്നും പറഞ്ഞു. പണം തന്നാല്‍ പിന്നീട് തിരികെ നല്‍കാമെന്നും പറഞ്ഞു. അതിനു ശേഷം സെപ്തംബര്‍ 11 മുതല്‍ മാര്‍ച്ച് 17 വരെയായി പലപ്പോഴായി രണ്ടരക്കോടിയോളം രൂപ തട്ടിയെടുത്തു.
ഇത് തട്ടിപ്പാണെന്നു മനസ്സിലായതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഫോണ്‍ നമ്പരുകളും പണം തട്ടാന്‍ ഉപയോഗിച്ച അക്കൗണ്ട് നമ്പരുകളും വച്ചു നടത്തിയ അന്വേഷണത്തിലാണ് ഡിജിറ്റല്‍ തെളിവുകളോടെ പ്രതിയെ ജയ്പൂരില്‍ നിന്ന് പിടികൂടിയത്. തട്ടിപ്പ് സംഘത്തിലെ മറ്റംഗങ്ങളെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.