മന്ത്രിസഭായോഗം ബഹിഷ്കരിച്ച സിപിഐ ശത്രുപക്ഷത്തുള്ളവർക്കു ആഹ്ലാദിക്കാൻ അവസരമൊരുക്കിയെന്ന് കോടിയേരി; സിപിഐ നടപടി മുന്നണിയുടെ മര്യാദയ്ക്കു ചേർന്നതല്ല
സിപിഐ ശ്രമിച്ചത് രാജിയുടെ ഖ്യാതി തട്ടിയെടുക്കാൻ: വിമർശനവുമായി സിപിഎം
സിപിഐയ്ക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതൃത്വം. തോമസ് ചാണ്ടിയുടെ രാജിയുമായി ഉയര്‍ന്നുവന്ന പ്രശ്നത്തിൽ മന്ത്രിസഭാ യോഗം ബഹിഷ്കരിച്ച സിപിഐയുടെ നടപടിക്കെതിരെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിമര്‍ശനം ഉന്നയിച്ചത്. പിബി യോഗത്തിനു പിന്നാലെ നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു കോടിയേരിയുടെ രൂക്ഷമായ വിമര്‍ശനം.
മന്ത്രിസഭായോഗം ബഹിഷ്കരിച്ചതിലൂടെ ശത്രുപക്ഷത്തുള്ളവർക്കെല്ലാം ആഹ്ലാദിക്കാനുള്ള അവസരമൊരുക്കുകയാണ് സിപിഐ ചെയ്തതെന്ന് കോടിയേരി പറഞ്ഞു. തങ്ങള്‍ ശക്തമായ നിലപാട് സ്വീകരിച്ചതുകൊണ്ടാണ് തോമസ് ചാണ്ടി രാജിവച്ചത് എന്ന ഖ്യാതി തട്ടിയെടുക്കാനായിരുന്നു അവര്‍ ശ്രമിച്ചത്. മുന്നണിക്കുള്ളിലെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നത് ഇങ്ങനെയല്ലെന്നും അദ്ദേഹം പറഞ്ഞു
മന്ത്രിസഭാ യോഗത്തിൽനിന്നും സിപിഐ വിട്ടുനിന്നത് വളരെ അപക്വമായ നടപടിയാണെന്നും കോടിയേരി ആരോപിച്ചു. സിപിഐ കൈക്കൊണ്ട നടപടി മുന്നണി മര്യാദയ്ക്കു ചേർന്നതായില്ല. കയ്യടികൾ സ്വന്തമാക്കുകയും ഉയര്‍ന്നുവരുന്ന എല്ലാ വിമർശനങ്ങളും മറ്റുള്ളവരുടെ തലയിൽ കെട്ടിവയ്ക്കുകയും ചെയ്യുന്നത് ശരിയായ രീതിയല്ലെന്നും കോടിയേരി കുറ്റപ്പെടുത്തി.