ന്യൂഡൽഹി: പാർലമെന്റ് പാസാക്കിയ നാല് തൊഴിൽ ചട്ടങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. വേതനം, വ്യവസായ ബന്ധം, സാമൂഹ്യ സരക്ഷ, തൊഴിലിട സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട ചട്ടങ്ങളാണ് നിലവിൽ വന്നിരിക്കുന്നത്. 29 തൊഴിൽ നിയമങ്ങൾക്ക് പകരമായാണ് നാലുകോഡുകൾ.
തൊഴിൽ നിയമങ്ങൾ ആധുനികവത്കരിക്കുക, പുതിയ സാഹചര്യങ്ങൾക്കനുസരിച്ച് തൊഴിലാളികളെ തയ്യാറാക്കുക എന്നിവയാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് പുതിയ മാറ്റങ്ങൾ. ട്രേഡ് യൂണിയൻ പ്രവർത്തനത്തിന് കടുത്ത നിയന്ത്രണം കൊണ്ടുവരാനും മിനിമം വേതനം നിയമപരമാക്കുന്നതുമടക്കം നിർണായകമാറ്റങ്ങൾക്ക് ഇത് വഴിവെക്കും.
പുതിയ കോഡുകൾ തൊഴിലാളി വിരുദ്ധമാണെന്നും സിഐടിയു, ഐഎൻടിയുസി, എഐടിയുസി അടക്കം പത്ത് പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ സംയുക്ത പ്രസ്താവനയിൽ കുറ്റപ്പെടുത്തി. പ്രധാന മാറ്റങ്ങൾ എന്തൊക്കെയെന്ന് നോക്കാം;
വേതന കോഡ്: അസംഘടിത മേഖലയിലെ തൊഴിലാളികൾക്കും അടിസ്ഥാനവേതനം നിയമപരം. ഇത് സർക്കാർ നിശ്ചയിക്കും. നൈപുണ്യത്തിന്റെ അടിസ്ഥാനത്തിൽ മിനിമം വേതനത്തിൽ വ്യത്യാസം.
തൊഴിൽ സുരക്ഷാ കോഡ്: ജോലി സമയം ആഴ്ചയിൽ 48 മണിക്കൂർ. ചില വ്യവസ്ഥകൾ കമ്പനികൾ മുതലെടുക്കുമെന്നും ജോലി സമയം കൂടാൻ കാരണമാകുമെന്നും തൊഴിലാളി സംഘടനകൾ പറയുന്നു. രാവിലെ ആറിന് മുൻപും വൈകീട്ട് 7നുശേഷവും സ്ത്രീകൾക്ക് എവിടെയും ജോലി എടുക്കാം.
വ്യവസായ ബന്ധ കോഡ്: ആകെ ജീവനക്കാരുടെ പത്ത് ശതമാനമോ അല്ലെങ്കിൽ 100 ജീവനക്കാരോ ഉണ്ടെങ്കിൽ മാത്രം ട്രേഡ് യൂണിയൻ അനുവദനീയം. തൊഴിലാളികളല്ലാത്തവർക്ക് ഭാരവാഹികളാകാനാകില്ല.
സാമൂഹിക സുരക്ഷാ കോഡ്: വേതനത്തിൽ അടിസ്ഥാന ശമ്പളം ഡിഎ, റിട്ടെയ്‌നിങ് അലവൻസ് എന്നിവ ഉൾപ്പെടും. പത്തിൽ താഴെ തൊഴിലാളികളുള്ള സ്ഥാപനങ്ങൾക്ക് ഇഎസ്‌ഐ നിർബന്ധമല്ല.